query_builder Mon Nov 9 2020 11:59 AM
visibility 9
കൊച്ചി:റോഡപകടങ്ങളിൽ പെട്ട് പരിക്കേറ്റ് കിടക്കുന്നവരെ മനസാക്ഷിയുള്ള ആരെങ്കിലുമൊക്ക ആശുപത്രിയിൽ എത്തിച്ചുവെന്നിരിക്കട്ടെ.പരിക്കേറ്റവരുടെ ബന്ധുക്കൾ എത്തുന്നതിന് മുൻപ് തന്നെ സാമ്പത്തിക ചിലവുകളേറിയ ടെസ്റ്റുകളും മറ്റും നടത്തി ഓപ്പറേഷൻ വരെ വേണമെന്ന തീരുമാനത്തിൽ എത്തുന്ന ഇന്നത്തെ ആശുപത്രി കച്ചവടത്തിന്റെ പൊയ്മുഖം എടുത്തു കാണിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ അവരുടെ ഹ്രസ്വ ചിത്രത്തിലൂടെ.രോഗികളുടെ ബന്ധുക്കളുടെ മാനസികാവസ്ഥയും അറിവില്ലായ്മയുമെല്ലാം കച്ചവടക്കണ്ണോടെ മുതലെടുക്കുന്ന സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെ കാഴ്ചകളാണ് ചിത്രത്തിലെ പ്രമേയം.വൈദ്യശാസ്ത്രം ഗൗളിശാസ്ത്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം സൂപ്പർ സ്റ്റാർ ക്രിയേഷന്റെ ബാനറിൽ ഗിരീഷ് കൂഴുർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്.തികച്ചും നാട്ടിൻപുറത്തെ കൂട്ടായ്‌മയായവൈഎംസിഎ പുളിയനം-വട്ടപ്പറമ്പ് യൂണിറ്റിലെ അംഗങ്ങളും അവരുടെ സുഹൃത്തുക്കളുമാണ് ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചിട്ടുള്ളത്.പലർക്കും നേരിട്ടും പറഞ്ഞുകേട്ടും ഉള്ള അനുഭവങ്ങളാണ് ഇങ്ങിനെയൊരു ഹ്രസ്വചിത്രത്തിലേക്ക് ഇവരെ എത്തിച്ചത്. 11 മിനിട്ട് ദൈർഘ്യമുള്ള ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് സുമൻ ഭാരതിയാണ് , ധനുഷ് നാരായണനാണ് എഡിറ്റിംഗ്. വിനോജ് കാച്ചപ്പിള്ളി, ഡേവിസ് അങ്കമാലി, സജി സെബാസ്റ്റ്യൻ, ജോബി നെല്ലിശ്ശേരി, സജീവ് ത്രീസ്റ്റാർ, നൈജോ അബ്രാഹം, അഭി ഡാലിയ, ജെയിംസ് വട്ടപ്പറമ്പ്, അനീഷ് വർഗീസ്, ഷാജു പി. പി, ജോർജ് മള്ളുശ്ശേരി, പോളി. എം.വി, മാർട്ടിൻ.സി.ഒ, ഷിബു കിംഗ് ഓഫ് കിംഗ്, ആഷിഖ്, ജൂലി സജീവ് തുടങ്ങിയവരാണ് കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയിട്ടുള്ളത്.