query_builder Mon Nov 16 2020 4:57 AM
visibility 57
അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്നു. അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. അടുത്ത രണ്ടു ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നവംബർ 19 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിർദ്ദേശം.
ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.മലയോര മേഖലയിലുള്ളവര്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും കാലാവസ്ഥ വകുപ്പ് നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു