query_builder Mon Nov 23 2020 11:08 AM
visibility 186
വടക്കാഞ്ചേരി നഗരസഭയിലെ ഏറ്റവും ജൂനിയർ സ്ഥാനാർത്ഥി ജോയൽ മഞ്ഞില
വടക്കാഞ്ചേരി : നഗരസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി ജോയൽ മഞ്ഞിലയുടെ കന്നി പോരാട്ടം ശ്രദ്ധേയമാകുന്നു.23 കാരനായ ജോയൽ മഞ്ഞില 29 ആം ഡിവിഷനായ തിരുത്തിപ്പറമ്പ് സെൻറർ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർത്ഥിയാണ്.നഗരസഭയിലെ ഏറ്റവും മുതിർന്ന സ്ഥാനാർത്ഥിയായ എൽഡിഎഫിലെ, പി.ഉണ്ണികൃഷ്ണനാണ് ജോയൽ മഞ്ഞിലയുടെ എതിരാളി എന്നതാണ് കൗതുകം.

എന്നാൽ വെറുമൊരു 23 കാരൻ മാത്രമല്ല ജോയൽ, ബി എസ് സി അലയ്ഡ് മെഡിക്കൽ സയൻസ് എൻട്രൻസ് (ജിംപർ) എക്സാമിനേഷനിൽ, ആൾ ഇന്ത്യ തലത്തിൽ 26ആം റാങ്കുകാരനാണ് ജോയൽ.ഫാം ഡി ഡോക്ടർ ഓഫ് ഫാർമസി അവസാന വർഷ വിദ്യാർത്ഥിയായിരുന്നു ജോയൽ. മുണ്ടത്തിക്കോട് മുൻ ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റും, എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥനുമായ സ്റ്റീഫൻ മഞ്ഞിലയുടെയും, അമ്പലപുരം ദേശവിദ്യാലയം അധ്യാപികയായ ഷീനയുടെയും മകനാണ് ജോയൽ മഞ്ഞില.പ്ലസ്സ് വൺ വിദ്യാർത്ഥിനിയായ ജോവിയ ഏക സഹോദരിയാണ്.

രാഷ്ട്രീയ പശ്ഛാത്തലമുള്ള കുടുംബാംഗമായ തനിക്ക്, ചെറുപ്പം മുതലെ രാഷട്രീയത്തോടുള്ള അഭിനിവേശം മനസ്സിലുണ്ടായിരുന്നെങ്കിലും, പഠനശേഷം മാത്രം ആലോചിക്കാമെന്നായിരുന്നു തീരുമാനം. പഠനം പൂർത്തിയാക്കിയതിനൊപ്പം തനിക്കു, നാട്ടിൽ നിന്നും, പാർട്ടിയിൽ നിന്നും ലഭിച്ച അവസരത്തിൽ ഏറെ സന്തോഷമുണ്ടെന്നും ജോയൽ പറയുന്നു.തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പോകുമ്പോൾ ഡിവിഷനിലെ പ്രധാന പ്രശ്നമായ കുടിവെള്ള ക്ഷാമം രൂക്ഷമായ മേഖലയിലെ, കുടിവെള്ളത്തിന് കഷ്ടപ്പെടുന്ന അമ്മമാരുടെ ആവശ്യം തന്നെയാകും, താൻ വിജയിച്ചാലുള്ള ആദ്യ ശ്രമമെന്ന് ഈ ചെറുപ്പക്കാരൻ പറയുന്നു. മറ്റൊന്ന് കൊവിഡ് പശ്ചാത്തലത്തിൽ ഡിവിഷനിലെ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളിൽ പലരും, പഠന സംശയങ്ങൾ തീർക്കാൻ ആളില്ലാതെയും, മറ്റ് പഠനോപകരണങ്ങളുടെ അഭാവം കൊണ്ട് ബുദ്ധിമുട്ടുന്നതായി തന്നോട് നേരിട്ട് പറഞ്ഞിരുന്നു. അവരോട് തനിക്ക് പറയാനുള്ളത് ഒരു സഹോദരനെ പോലെ എന്ത് സംശയങ്ങൾ വന്നാലും തന്നെ വിളിക്കുകയോ, സമീപിക്കുകയോ ചെയ്യാമെന്നും, അവർക്ക് സഹായകമായി ഏത് ആവശ്യത്തിനും താൻ കുടെയുണ്ടെന്നും ജോയൽ പറയുന്നു. യൗവനത്തിൻ്റെ ചുറുചുറുക്കിൽ, ദീർഘവീക്ഷണമുള്ള നിലപാടുകളും, സേവന മനസ്സുമുള്ള ജോയൽ വലിയ പ്രതീക്ഷകളോടെയാണ് മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. എതിരാളികളെ ബഹുമാനിക്കുന്ന ജോയൽ മഞ്ഞില, ഈ മത്സരം തന്നെ ഒരു പുതിയ അനുഭവമാക്കി മാറ്റുകയാണ്. തന്നെ അറിയുന്ന നല്ലവരായ വോട്ടർമാർ തൻ്റെ പ്രതീക്ഷകൾക്കൊപ്പം നിൽക്കുമെന്ന ശുഭാപ്തി വിശ്വാസത്തോടെ, അവരുടെ അനുഗ്രഹത്തിനായി കാത്തു നിൽക്കുകയാണ് ജോയൽ മഞ്ഞില എന്ന ചെറുപ്പക്കാരൻ.