query_builder Mon Nov 30 2020 6:42 AM
visibility 75

എം.കെ ഫസലുറഹ്മാൻ മേപ്പയ്യൂർ
പേരാമ്പ്ര: 'പിങ്ക് പൂപ്പാടം' സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ജനങ്ങളുടെ ഒഴുക്കാണ് കോഴിക്കോട് പേരാമ്പ്രയ്ക്കടുത്ത ആവളയെന്ന ഗ്രാമത്തിലേക്ക്. കിലോ മീറ്ററുകള്‍ നീണ്ടുകിടക്കുന്ന ‘പിങ്ക് വസന്തം’ ആവളയെന്ന ഈ മനോഹര ഗ്രാമമാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. ചല്ലിപ്പായല്‍ എന്നു നാട്ടുകാര്‍ വിളിക്കുന്ന ‘മുള്ളന്‍പായല്‍’ കൂട്ടത്തോടെ പൂവിട്ട കാഴ്ചയാണ് ഗ്രാമത്തിന്റെ സൗന്ദര്യം ലോകം മുഴുവന്‍ എത്തിക്കുന്നത്. കോഴിക്കോട് ജില്ലയുടെ നെല്ലറയാണ് പേരാമ്പ്രയ്ക്കു സമീപം ചെറുവണ്ണൂര്‍ പഞ്ചായത്തിലെ ആവളപ്പാണ്ടി.പേരാമ്പ്രയില്‍നിന്ന് ചാനിയം കടവ് വഴി വടകരയ്ക്കു പോകുമ്പോള്‍ നാലുകിലോ മീറ്റര്‍ പിന്നിടുന്നതോടെ പന്നി മുക്ക് എത്തും. അവിടെനിന്ന് ആവളയിലേക്കുള്ള റോഡില്‍ അര കിലോ മീറ്റര്‍ കഴിഞ്ഞാല്‍ കുറ്റിയാട്ട് നടയാണ് ഇവിടെ കുണ്ടൂര്‍മൂഴിത്തോട്ടിലാണ് കിലോമീറ്ററുകളോളം മുള്ളന്‍പായല്‍ പിങ്ക് നിറത്തിലുള്ള പൂക്കളുടെ മനോഹരമായ കാഴ്ച്ചയൊരുക്കുന്നത്. ഇലകള്‍ മുള്ളുപോലെയുള്ളതിനാലാണ് ഇവയെ മുള്ളന്‍പായല്‍ എന്നു വിളിക്കുന്നത്. കാഴ്ച്ച മനോഹരമാണെങ്കിലും ഈ അധിനിവേശ ഇനങ്ങള്‍ പെരുകുന്നത് ജലസസ്യങ്ങളെ നശിപ്പിക്കുകയും, പ്രദേശത്തെ കൃഷിക്ക് വൻ തോതിൽ ഭീഷണിയാവുമെന്നും പ്രമുഖ സസ്യ നിരീക്ഷകന്മാർ അഭിപ്രായപ്പെടുന്നു. ആഫ്രിക്കന്‍ പായല്‍ പോലെ ദ്രുതഗതിയിൽ പെരുകുന്ന ഇവ കാണ്ഡത്തില്‍നിന്നും വിത്തില്‍നിന്നും വളരും. ചെടിയുടെ ഒരു ചെറിയ കഷ്ണം മതി പ്രദേശമാകെ പടര്‍ന്നുപിടിക്കാന്‍. ചെറുവണ്ണൂർ പഞ്ചായത്തിലെ ആവളപാണ്ടിയും കരുവോട് ചിറയും പൂർണമായി കൃഷിയോഗ്യമാക്കാനുള്ള അടിസ്ഥാന സൗകര്യമൊരുക്കണമെന്ന ജനവികാരം ശക്തമാകുന്നു. നെല്ല് അരിയാക്കി മാറ്റാൻ പഞ്ചായത്തിൽ തന്നെ മിൽ സ്ഥാപിക്കണമെന്നും പൊതുജനം ആവശ്യപ്പെടുന്നു. ആവളപ്പാണ്ടിയെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന അപകടകാരിയായ മുള്ളൻപായൽ പ്രദേശത്തെ കാർഷിക മേഖലയെ പാടെ നശിപ്പിക്കുന്നതിന് മുൻപെ ഈ വിഷയത്തിൽ ശാശ്വതമായ ഒരു പരിഹാരം ഉടൻ ഉണ്ടാക്കണമെന്ന് പൊതുജനം ആവശ്യപ്പെടുന്നു.