query_builder Mon Nov 30 2020 6:05 PM
visibility 28

കൊടുങ്ങൂർ : തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ വാഴൂർ ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർത്ഥികളിൽ പ്രഫസർ മുതൽ വിദ്യാർത്ഥി വരെയും, നാഷണൽ അവാർഡ് ജേതാവ് മുതൽ രാജീവ് ഗാന്ധി പുരസ്ക്കാര ജേതാവ് വരെയുള്ളവർ മൽസര രംഗത്ത്.
വാഴൂർ ഗ്രാമ പഞ്ചായത്തിന്റെ കഴിഞ്ഞ ഭരണ സമിതി പ്രസിഡന്റും, എസ് വി ആർ എൻ എസ് എസ് കോളേജ് റിട്ട. അധ്യാപികയുമായ പ്രഫ.എസ് പുഷ്കലാദേവി, എസ് വി ആർ എൻ എസ് എസ് കോളേജ് മൂന്നാം വർഷ ബി.എ സാമ്പത്തിക ശാസ്‌ത്ര വിദ്യാർത്ഥി അരവിന്ദ് അജികുമാർ , ഫ്ലോറൻസ് നൈറ്റിങ്കൽ നാഷണൽ അവാർസ് ജേതാവ് സോജ ഗോപാലകൃഷ്ണൻ , മികച്ച ഗ്രാമ പഞ്ചായത്ത് മെമ്പർക്കുള്ള രാജീവ് ഗാന്ധി പുരസ്കാരം നേടിയ വി.പി. റെജി എന്നിവരടക്കമുള്ളവരാണ് ഗ്രാമ പഞ്ചായത്തിലേക്ക് മൽസര രംഗത്തുള്ളത്. സംസ്ഥാന പഞ്ചായത്ത് വകുപ്പിന്റെ വേറിട്ട പ്രതിഭക്കുള്ള പുരസ്കാരത്തിന് കഴിഞ്ഞ വർഷം അർഹയായ പ്രഫ. പുഷ്കലാദേവി മൂന്നാം തവണയാണ് സി പി ഐ എം സ്ഥാനാർത്ഥിയായി മൽസരിക്കുന്നത്. പഞ്ചായത്തിലെ ആറാം വാർഡ് ശാസ്താം കാവിൽ രണ്ടാം തവണയാണ് ഇവർ ജനവിധി തേടുന്നത്. ഡിഗ്രി വിദ്യാർത്ഥിയായ അരവിന്ദ് അജികുമാറിന്റേത് കന്നി അംഗമാണ്. പഞ്ചായത്തിലെ വാർഡ് അഞ്ച് തെക്കാനിക്കാടിലെ എൻ ഡി എയുടെ ബി ജെ പി സ്ഥാനാർത്ഥിയാണ് അരവിന്ദ്. സി പി ഐ എമ്മിനു വേണ്ടി ഈ വാർഡിൽ മൽസരിക്കുന്നത് രാജീവ് ഗാന്ധി അവാർഡ് ജേതാ വായ വി പി റെജിയാണ്.

ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡ് കൊടുങ്ങൂരിലെ എൻ ഡി എ യുടെ ബി ജെ പി സ്ഥാനാർത്ഥിയാണ് ഫ്ലോറൻസ് നൈറ്റിങ്കൽ അവാർഡ് ജേതാവായ സോജ. സംസ്ഥാന ബെസ്റ്റ് നേഴ്സ് അവാർഡും , മൂന്നു തവണ പാരാ ലീഗൽ വോളെന്റിയർ സംസ്ഥാന അവാർഡും നേടിയിട്ടുള്ള സാേജ സംസ്ഥാന ആരോഗ്യ വകുപ്പ് റിട്ട. സ്റ്റാഫ് നേഴ്സാണ്.
പുഷ്കലാദേവിക്കു പുറമെ മുൻ പ്രസിഡന്റുമാരായ ഓമന അരവിന്ദാക്ഷൻ,തോമസ് വെട്ടുവേലി എന്നിവരും മൽസര രംഗത്തുണ്ട്. നാലു തവണ പഞ്ചായത്തിൽ ജനപ്രതിനിധികളായിട്ടുള്ള തങ്കമ്മ അലക്സ്, വി.എൻ മനോജ് എന്നിവരും ഇത്തവണയും ജനവിധി തേടുന്നുണ്ട്.
ഗ്രാമ പഞ്ചായത്ത് മുൻ അംഗങ്ങളായ കെ.എൻ. രവീന്ദ്രൻ നായർ (കോൺ), മോന (ജോർജ് ) പൊടിപ്പാറ ( എൻ ഡി എ ) എന്നിവരും മൽസര രംഗത്തുണ്ട്.
കഴിഞ്ഞ ഭരണ സമിതിയിലെ വൈസ് പ്രസിഡന്റായിരുന്ന പി. എം ജോൺ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പുളിക്കൽകവല ഡിവിഷനിലെ സി പി ഐ സ്ഥാനാർത്ഥിയാണ്.