query_builder Tue Dec 1 2020 6:43 AM
visibility 74
തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണി
തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദം അതിതീവ്ര ന്യൂനമർദ്ദമായി മാറി. ഇത് തെക്കൻ കേരളത്തിൽ ചുഴലിക്കാറ്റ് ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്.
തീവ്ര ന്യൂനമർദം കഴിഞ്ഞ ആറ് മണിക്കൂറായി മണിക്കൂറിൽ 10 കി.മീ വേഗതയിൽ സഞ്ചരിച്ച് അതിതീവ്ര ന്യൂനമർദ്ദമായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിൽ ഇത് കൂടുതൽ ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.
തെക്കൻ കേരളത്തിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചുഴലിക്കാറ്റ് ബുധനാഴ്ച വൈകിട്ടോടെ ശ്രീലങ്കൻ തീരം കടക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.
ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലിൽ പോകുന്നത് പൂർണമായും നിരോധിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച അർധരാത്രി മുതൽ നിലവിൽ വന്ന വിലക്ക് എല്ലാതരം മത്സ്യബന്ധന യാനങ്ങൾക്കും ബാധകമായിരിക്കും.