query_builder Tue Dec 1 2020 1:10 PM
visibility 293
സർക്കാരിന്റെ ഹർജി തള്ളിയ സുപ്രീംകോടതി വിധി ഇടത് സർക്കാരിനും സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനുമേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണം തടയാനുള്ള സംസ്ഥാന സർക്കാരിന്റെ ഹർജി തള്ളിയ സുപ്രീംകോടതി വിധി ഇടത് സർക്കാരിനും സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനുമേറ്റ കനത്ത പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.പി.എമ്മുകാരായ കൊലയാളികളെ സി.ബി.ഐയിൽ നിന്ന് രക്ഷിക്കുന്നതിന് പൊതുജനങ്ങളുടെ നികുതിപ്പണം ധൂർത്തടിച്ച് സുപ്രീംകോടതി വരെ പോയ ഈ സർക്കാർ മാപ്പർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊലയാളികളെ രക്ഷിക്കുന്നതിന് ഒരു കോടിയിലേറെ രൂപയാണ് പൊതു ഖജനാവിൽ നിന്ന് ചെലവാക്കിയത്. യൂത്ത് കോൺഗ്രിസിന്റെ ചുറുചുറുക്കുള്ള പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത്ലാലിനെയും അതിക്രൂരമായാണ് സി.പി.എം കൊലയാളികൾ വെട്ടിക്കൊന്നത്. തുടർന്ന് നടന്ന പൊലീസ് അന്വേഷണം പ്രതികളെ രക്ഷിക്കുന്ന തരത്തിലായതോടെയാണ് രണ്ട് ചെറുപ്പക്കാരുടെയും കുടുംബാംഗങ്ങൾ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയിലെത്തിയത്.
സി.ബി.ഐ ഈ കേസ് അന്വേഷിച്ചാൽ കൊലയാളികൾക്കൊപ്പം ഈ അരുംകൊലപാതകത്തിന്റെ ആസൂത്രകരായ നേതാക്കളും കുടുങ്ങുമെന്ന ഭയമാണ് പൊതുഖജനാവ് ധൂർത്തടിച്ച് സുപ്രീം കോടതി വരെ പോകാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു. നെറികെട്ട ആ നീക്കത്തിനുള്ള കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. എത്രയൊക്കെ മൂടി വയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യുമെന്നതിന് തെളിവാണ് ഈ വിധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.