query_builder Thu Dec 3 2020 8:11 AM
visibility 204

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തിലും 10, 12 ക്ലാസ്സുകളിലെ വാര്‍ഷിക പൊതുപരീക്ഷകള്‍ എഴുത്ത് പരീക്ഷകളായി തന്നെ നടത്തുമെന്ന് വ്യക്തമാക്കി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ . തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും പരീക്ഷ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫ്‌ലൈനായിത്തന്നെ നടത്തുമെന്ന് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ സിബിഎസ്‌ഇ അറിയിച്ചു. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായാണ് നടക്കുന്നത്. ചില സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന ക്ലാസുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പുനരാരംഭിച്ചിട്ടുണ്ട്.
സിബിഎസ്‌ഇ പരീക്ഷകള്‍ ഓണ്‍ലൈനായി നടക്കാന്‍ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് ബോര്‍ഡിന്റെ ഔദ്യോഗിക പ്രസ്താവന. പ്രാക്ടിക്കല്‍ പരീക്ഷകളെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കായി ബദല്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുമെന്നും പരീക്ഷാതീയതി, നടത്തിപ്പ് എന്നിവയെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ബോര്‍ഡ് വ്യക്തമാക്കി.
സിബിഎസ്‌ഇ, നീറ്റ്, ജെഇഇ പരീക്ഷകളെ സംബന്ധിച്ച് അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കുള്ള ആശങ്കകള്‍ പങ്കുവെയ്ക്കാന്‍ ഡിസംബര്‍ 10-ാം തീയതി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ തത്സമയ വെബിനാര്‍ സംഘടിപ്പിക്കുന്നുണ്ട്. പരീക്ഷാതീയതി, സിലബസ് എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് വെബിനാറില്‍ മന്ത്രി മറുപടി പറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.