query_builder Thu Dec 3 2020 12:03 PM
visibility 192
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ അവകാശ ലംഘന നോട്ടീസ്.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് എതിരേ അവകാശ ലംഘന നോട്ടീസ്. ചെന്നിത്തല സഭയെ അവഹേളിച്ചുവെന്ന് കാണിച്ച് സി.പി.എം എം.എൽ.എ ഐ.ബി സതീഷാണ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്.
പ്രതിപക്ഷ നേതാക്കൾക്ക് എതിരേയുള്ള വിജിലൻസ് അന്വേഷണത്തിന് സ്പീക്കറുടെ അനുമതി വന്നതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിക്കുമ്പോൾ ചെന്നിത്തല സ്പീക്കർക്കെതിരേ നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. സ്പീക്കർ രാഷ്ട്രീയം കളിക്കുന്നുവെന്നും സ്പീക്കർ മുഖ്യമന്ത്രി പറയുന്നത് അനുസരിച്ച് പ്രവർത്തിക്കുന്ന പാവ മാത്രമാണ് എന്നതടക്കമുള്ള പരാമർശങ്ങൾ പ്രതിപക്ഷ നേതാവിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു.
ഈ പരാമർശങ്ങൾ സഭയോടുള്ള അവഹോളനവും സ്പീക്കർ എന്ന പദവിയെ അപമാനിക്കുന്നതിനും തുല്യമാണ്. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ സഭയോടുള്ള അനാദരവായി കണക്കിലെടുത്ത് അവകാശ ലംഘനത്തിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഐ.ബി സതീഷ് എംഎൽഎ സ്പീക്കർക്ക് നോട്ടീസ് നൽകിയത്.