query_builder Thu Dec 3 2020 2:12 PM
visibility 194
പേരാമ്പ്ര: എല്ലാ മേഖലയിലും സമ്പൂര്‍ണമായി പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ശക്തമായ പ്രതിഷേധം അലയടിക്കുന്നതാവും തദ്ദേശ തെരഞ്ഞെടുപ്പെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. യു.ഡി.എഫ് പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു നേട്ടവും ഈ സര്‍ക്കാരിന് അവകാശപ്പെടാനില്ല. അഴിമതി ആചാരമാക്കി മാറ്റിയിരിക്കുകയാണ്. എക്‌സൈസ് വകുപ്പിലെ അഴിമതികളെ കുറിച്ച് പ്രത്യേക അന്വേഷണം വേണം. അഴിമതിയിലൂടെ പാര്‍ട്ടിക്കുവേണ്ടി ഏറ്റവും കൂടുതല്‍ പണം പിരിച്ച മന്ത്രിയെന്ന ബഹുമതി ടി.പി രാമകൃഷ്ണനാണ്. അബ്കാരികള്‍ക്ക് മാത്രമാണ് ഈ ഭരണത്തില്‍ നേട്ടം. കര്‍ഷകരെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണന്നും മുല്ലപ്പള്ളി പറഞ്ഞു. ഇരു സര്‍ക്കാരുകളും ഒരേ പാതയിലാണ് സഞ്ചരിക്കുന്നത്. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്ന് ധനമന്ത്രി പ്രതിക്കൂട്ടിലായിരിക്കുകയാണ്. കിഫ്ബിയിലൂടെ കേരളത്തെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് തോമസ് ഐസക്. ഗാന്ധിയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാനാണ് കോണ്‍ഗ്രസ് പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയത്. എന്നാല്‍ സി.പി.എം കേരളത്തില്‍ ഇതിനെ വളര്‍ത്താനുള്ള ഉപകരണമാക്കി മാറ്റുകയായിരുന്നു. സി.പി.എം ദുര്‍ഭരണത്തില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളെ മോചിപ്പിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. യു.ഡി.എഫ് പ്രകടനപത്രികയുടെ പ്രകാശനവും മുല്ലപ്പള്ളി നിര്‍വഹിച്ചു. കോട്ടൂരിലെ സഹോദരങ്ങളായ അര്‍ച്ചനയും ആതിരയും ചേര്‍ന്ന് വരച്ച ഛായ ചിത്രവും അദ്ദേഹം ഏറ്റുവാങ്ങി. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയര്‍മാന്‍ പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷനായി. കെ.പി.സി.സി ഭാരവാഹികളായ അഡ്വ. ടി. സിദ്ദീഖ്, കെ.പി അനില്‍കുമാര്‍, കെ. പ്രവീണ്‍കുമാര്‍, സത്യന്‍ കടിയങ്ങാട്, സി.പി.എ അസീസ്, അച്യുതന്‍ പുതിയേടത്ത്, കല്ലൂര്‍ മുഹമ്മദലി, കെ.പി വേണുഗോപാല്‍, രാജന്‍ മരുതേരി, ഇ. അശോകന്‍, മുനീര്‍ എരവത്ത്, ഇ.വി രാമചന്ദ്രന്‍, കെ.കെ വിനോദന്‍, പി.കെ രാഗേഷ്, കെ.ടി രാമചന്ദ്രന്‍, കെ.സി രവീന്ദ്രന്‍, എന്‍.പി ബാബു, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ വി. ആലീസ് മാത്യൂ, കെ.എം ഗോപാലന്‍ സംസാരിച്ചു.