query_builder Thu Dec 3 2020 2:16 PM
visibility 885
പേരാമ്പ്ര: പേരാമ്പ്ര ജില്ലാ പഞ്ചായത്ത് ഡിവിഷൻ രൂപീകൃതമായത് മുതൽ എൽ.ഡി.എഫ് മുന്നണിയാണ് വിജയ ക്കൊടി പാറിച്ചത്. പുനർ നിർണയം നടത്തിയ വേളയിലും എൽ.ഡി.എഫ് തന്നെയായിരുന്നു മുൻനിരയിൽ. കഴിഞ്ഞ തവണ എൽ.ഡി.എഫ് സ്ഥാനാർഥി എ.കെ ബാലൻ 700ഓളം വോട്ടുകൾക്കാണ് വിജയിച്ചത്. ഇത്തവണ ഇടത് മുന്നണി സി.പി.എമ്മിലെ ഷീജ ശശിയെയാണ്സ്ഥാനാർഥിയാക്കിയത. ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ഷീജ സി.പി.എം ലോക്കൽ കമ്മറ്റി അംഗവും, മഹിളാ അസോസിയേഷൻ ഏരിയ കമ്മറ്റി അംഗവുമാണ്. ഇത്തവണയും തങ്ങൾ തന്നെ സീറ്റ് നിലനിർത്തും എന്ന പ്രതീക്ഷയിലാണ് എൽ.ഡി.എഫ്. ഡിവിഷൻ പുനർ നിർണയത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ചെറിയ വോട്ടിന് പരാജയപ്പെട്ട യു.ഡി.എഫ് ഈ തവണ മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി വി. ആലീസ് മാത്യുവിനെയാണ് സ്ഥാനാർഥിയാക്കിയത്. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് കൂടിയിയാണ് വി.ആലീസ് മാത്യു. മത്സരിച്ച ഒരിടത്തും പരാജയപ്പെടാത്ത ആലീസിലൂടെ പുതു ചരിത്രം രചിക്കും എന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പഞ്ചായത്ത് മെംബർ, ബ്ലോക്ക് പഞ്ചായത്ത് മെംബർ എന്ന നിലയിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച ആലീസ് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപികയുമായിരുന്നു. മൂന്നാം തവണ മത്സരത്തിനിറങ്ങുന്ന ബി.ജെ.പി ജില്ല കമ്മിറ്റി അംഗം എം. ജയ സുധയാണ് എൻ.ഡി.എ സ്ഥാനാർഥി. പേരാമ്പ്ര പഞ്ചായത്തിലെ 8 വാർഡുകൾ, കായണ പഞ്ചായത്തിലെ 11 വാർഡുകൾ, ചക്കിട്ടപ്പാറ പഞ്ചായത്തിലെ 15 വാർഡുകൾ, ചങ്ങരോത്ത് പഞ്ചായത്തിലെ 8 വാർഡുകൾ, കൂത്താളി പഞ്ചായത്തിലെ 10 വാർഡുകൾ, നൊച്ചാട് പഞ്ചായത്തിലെ 9 വാർഡുകൾ ഉൾപ്പടെ 61 വാർഡുകളാണ് ഡിവിഷനിൽ ഉൾപ്പെടുന്നത്. മികച്ച പ്രചാരണം തന്നെയാണ് എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികളുടെ നേതൃത്വത്തിൽ നടക്കുന്നത്. വികസന നേട്ടങ്ങൾ പറഞ്ഞ് എൽ.ഡി.എഫ് വോട്ട് പിടിക്കുമ്പോൾ, അഴിമതിയും, വികസന മുരടിപ്പും ഉയർത്തിച്ചാണ് യു.ഡി.എഫ് ൻ്റെ വോട്ട് പിടുത്തം.