query_builder Thu Dec 3 2020 2:19 PM
visibility 187
മേപ്പയ്യൂർ: മേപ്പയ്യൂരിലെ കായിക പ്രേമികളുടെ ചിരകാല അഭിലാഷമായ പൊതു കളിസ്ഥലവും സ്‌റ്റേഡിയവും നിർമ്മിക്കുമെന്ന് യു ഡി എഫ് പ്രകടനപത്രിക.ആധുനിക സൗകര്യമുള്ള ശുചിത്വ പൂർണ്ണമായ മാതൃകാ നഗരമായി മേപ്പയ്യൂർ ടൗണിനെ മാറ്റുമെന്നും, ഇതിനായി പ്രത്യേക ഏജൻസിയെ വെച്ച് പഠനം നടത്തുകയുംഘട്ടം ഘട്ടമായി വികസന സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുകയും ചെയ്യുമെന്നും, കഴിഞ്ഞ പത്ത് വർഷത്തിലധികമായി കിടത്തി ചികിൽസ നിലച്ച കുടുംബാരോഗ്യ കേന്ദ്രത്തിൽ കിടത്തി ചികിൽസ പുന:രാരംഭിക്കുമെന്നും പ്രകടനപത്രികയിൽ ഉറപ്പ് നൽകുന്നു. അരനൂറ്റാണ്ടിലധികമായി മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണം നടത്തിയ സി പി എം നേതൃത്വത്തിലുള്ള ഭരണസമിതികൾ പ്രതീക്ഷിച്ച പുരോഗതി യോ വികസന പ്രവർത്തനങ്ങളോ നടപ്പിലാക്കുവാൻ ഭരണകൂടങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന് കമ്മറ്റി കുറ്റപ്പെടുത്തി.കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് കെ.എം അഭിജിത്ത് പ്രകടനപത്രിക പ്രകാശനം ചെയ്തു. തെരെഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ ബാബുരാജ് പുക്കോട്ട് അധ്യക്ഷനായി. ഇ.അശോകൻ, മേലടി ബ്ലോക്ക് പഞ്ചായത്ത് മഞ്ഞക്കുളം ഡിവിഷൻ സ്ഥാനാർത്ഥി എം.കെ.അബ്ദുറഹിമാൻ മാസ്റ്റർ, കെ.പി.വേണുഗോപാൽ, ടി.കെ.ലത്തീഫ്, കെ.എം.കുഞ്ഞമ്മദ് മദനി, അഞ്ചാം വാർഡ് സ്ഥാനാർത്ഥി ശ്രീനിലയം വിജയൻ, ഷബീർ ജന്നത്ത്, കെ.സിറാജ്, ഇ.കെ.മുഹമ്മദ് ബഷീർ, മുജീബ് കോമത്ത്, പി.കെ അനീഷ്, കെ.കെ സീതി, എം.കെ.ഫസലുറഹ്മാൻ എന്നിവർ സംസാരിച്ചു.