query_builder Thu Dec 3 2020 4:26 PM
visibility 194

കണ്ണൂർ: കണ്ണൂരിൽ കോൺഗ്രസ് നേതാവ് ബി.ജെ.പിയിൽ ചേർന്നു.
കോൺഗ്രസ് പേരാവൂർ ബ്ലോക്ക് സെക്രട്ടറി കൂടത്തിൽ ശ്രീകുമാർ ബിജെപിയിൽ. വ്യാഴാഴ്‌ച ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിലാണ് കോൺഗ്രസ് വിടുന്നതായി പ്രഖ്യാപിച്ചത്. ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ബിജെപി അംഗത്വം നൽകി.
36 വർഷമായി കോൺഗ്രസിന്റെ സജീവ പ്രവർത്തകനായ ശ്രീകുമാർ കണിച്ചാർ പഞ്ചായത്ത് അംഗമായിരുന്നു. അച്ചാംചേരി ക്ഷീരസംഘം ഡയറക്ടറായും ഇരിട്ടി കോക്കനട്ട് കമ്പനി ഡയറക്ടറായും പ്രവർത്തിക്കുന്നു.
ഇത്തവണ കോൺഗ്രസ് സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് കണിച്ചാർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ വിമതനായി പത്രിക നൽകിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ സമ്മർദത്തെ തുടർന്ന് പത്രിക പിൻവലിക്കുകയായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് ഈ രീതിയിലാണെങ്കിൽ ഇനിയും കൂടുതൽ പേർ ബി.ജെ.പിയിൽ ചേരുമെന്ന് ശ്രീകുമാർ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസായ മാരാർജി ഭവനിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.