query_builder Thu Dec 3 2020 4:28 PM
visibility 1195
സുൽത്താൻ ബത്തേരി: കടുവ, കരടി വന്യമൃഗ ഭീതിയിൽ റ്റിപികുന്ന് പ്രദേശവാസികൾ. സുൽത്താൻ ബത്തേരി നഗരസഭയിലെ 33,34,35 ഡിവിഷനുകൾ ഉൾപ്പെടുന്ന പഴുപ്പത്തൂർ റ്റി പികുന്ന് പ്രദേശത്തെ കുടുംബങ്ങളാണ് കടുവ, കരടി വന്യമൃഗ പേടിയിൽ കഴിയുന്നത്. രാപ്പകൽ വ്യത്യാസമില്ലാതെയാണ് കാടിറങ്ങി കടുവയും, കരടിയുമെല്ലാം ജനവാസകേന്ദ്രങ്ങളിൽ സൈ്വര്യവിഹാരം നടത്തുന്നത്. ഇതു കാരണം പ്രദേശവാസികൾ പകൽ സമയങ്ങളിൽപോലും പുറത്തിറങ്ങാൻ ഭയക്കുകയാണ്. കർഷകരും ക്ഷീരകർഷകരുമാണ് ഈ പ്രദേശത്ത് താമസിക്കുന്നത്. അതിനാൽ തന്നെ വളർത്തുമൃഗങ്ങളെ കണ്ണിലെണ്ണയൊഴിച്ചാണ് ഇവർ സംരക്ഷിക്കുന്നത്. കുട്ടികളെ പുറത്ത് കളിക്കാൻ വിടാൻ പോലും പറ്റാത്ത അവസ്ഥയാണന്നും പാട്ടകൊട്ടിയും ബഹളംവെച്ചുമാണ് കൃഷിയിടിത്തിൽ എത്തുന്ന കടുവയെ ഓടിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഏതുസമയവും കടുവയുടെയോ, കരടിയുടെയോ മുന്നിൽപെടാമെന്ന ഭീതിയിലാണ് ആളുകൾ കഴിയുന്നത്. ഈ സാഹചര്യത്തിൽ കടുവയെ കൂടുവെച്ച് പിടികൂടണമെന്നും കരടിയുടെ ശല്യം ഇല്ലാതാക്കണമെന്നുമാണ് ജനങ്ങളുടെ ആവശ്യം. ജനങ്ങളുടെ ആവശ്യത്തെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് കഴിഞ്ഞ ദിവസം പ്രദേശത്ത് രണ്ട് കാമറകൾ സ്ഥാപിച്ചു. റ്റിപി കുന്ന് റോഡിലും, കഴിഞ്ഞദിവസം കടുവയെ കണ്ടതായി പറയുന്ന പ്രദേശവാസിയായ സാവിത്രിയെന്ന വ്യക്തിയുടെ പറമ്പിലുമാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്.