news bank logo
K NEWS ONLINE MEDIA
7

Followers

query_builder Fri Dec 4 2020 5:02 AM

visibility 841

തദ്ദേശ തെരഞ്ഞെടുപ്പ്: കുന്ദമംഗലത്ത് പിടിമുറുക്കാനുറച്ച് ബിജെപി

കുന്ദമംഗലം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറ്റം നടത്താൻ ഒരുങ്ങി ബിജെപി. 2015 ൽ നടന്ന തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം നടത്തിയ ബിജെപി ഇത്തവണ കഴിഞ്ഞ തവണ നേരിയ വോട്ടിൻ്റെ വ്യത്യാസത്തിൽ നഷ്ടപ്പെട്ട വാർഡുകൾ പിടിച്ചെടുക്കാൻ ഒരുങ്ങുകയാണ് .

കഴിഞ്ഞ തവണ 10 വാർഡിൽ രണ്ടാം സ്ഥാനത്തെത്തിയതാണ് ബിജെപിക്ക് ഇത്തവണ പ്രതീക്ഷ നൽകുന്നത്.


ബിജെപിക്ക് കോഴിക്കോട് ജില്ലയിൽ ഒരു എംഎൽഎ ഉണ്ടാവുമ്പോൾ ആദ്യ എംഎൽഎ കുന്ദമംഗലം മണ്ഡലത്തിൽ നിന്നാവുമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ. ഇതിൻ്റെ ഭാഗമായി ഈ തെരഞ്ഞെടുപ്പിൽ കുന്ദമംഗലം, ഒളവണ്ണ പഞ്ചായത്തുകളിൽ മികച്ച മുന്നേറ്റം നടത്തണമെന്ന് പഞ്ചായത്ത് കമ്മറ്റികൾക്ക് ജില്ല നേതൃത്വം നിർദ്ദേശം നൽകിയതായാണ് സൂചന. 


ഇതിൻ്റെ ഭാഗമായി കുന്ദമംഗലം പഞ്ചായത്തിൽ അഞ്ച് വാർഡിലെങ്കിലും വിജയിക്കണമെന്നാണ് ജില്ല നേതൃത്വം പഞ്ചായത്ത് കമ്മറ്റിക്ക് നൽകിയ നിർദ്ദേശം എന്നാണ് വിവരം.


കഴിഞ്ഞ തവണ അഞ്ചാം വാർഡിൽ 23 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടത്. എന്നാൽ സ്ഥാനാർഥി നിർണ്ണയത്തിൽ എൽഡിഎഫിലുണ്ടായ പ്രശ്നങ്ങളാണ് ബിജെപി രണ്ടാം സ്ഥാനത്ത് എത്താൻ കാരണമെന്നാണ് എൽഡിഎഫ് കരുതുന്നത്. അതുകൊണ്ട് തന്നെ ഇത്തവണയും വാർഡ് നിലനിർത്താൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ് കഴിഞ്ഞ തവണ യുഡിഎഫിനൊപ്പമുണ്ടായിരുന്ന ജനതാദൾ എൽഡിഎഫിനൊപ്പമുള്ളതും എൽഡിഎഫിൻ്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.


2010 ൽ ബിജെപി സ്ഥാനാർഥി വിജയിച്ച എട്ടാം വാർഡിൽ 159 വോട്ടിനാണ് ബിജെപി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത്. എന്നാൽ ഇത്തവണ വാർഡിലെ ചിത്രം ആകെ മാറിയിരിക്കുകയാണ്. 

മുസ്ലിം യൂത്ത് ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് റിഷാദ് കുന്ദമംഗലമാണ് ഇവിടെ എൽഡിഎഫ് പിന്തുണയോടെ ജനകീയ സ്ഥാനാർഥിയായി മൽസരിക്കുന്നത്. കെ.കെ.സി നൗഷാദാണ് മുസ്ലിം ലീഗ് സ്ഥാനാർഥി. ശ്രീരാജാണ് ബിജെപി സ്ഥാനാർഥി. കഴിഞ്ഞ തവണ മുസ്ലിം ലീഗും ബിജെപിയും ലീഗും തമ്മിലായിരുന്നു മൽസരം അതുകൊണ്ട് തന്നെ ബിജെപി വിരുദ്ധ വോട്ടുകൾ മുഴുവനായും ലീഗ് സ്ഥാനാർഥിക്ക് ലഭിച്ചിരുന്നു. എന്നാൽ ഇത്തവണ ലീഗും എൽഡിഫും തമ്മിലായിരിക്കുകയാണ് മൽസരം. കഴിഞ്ഞ തവണ വാർഡിൽ നിന്ന് ജയിച്ച മെമ്പർക്ക് വാർഡിൽ വേണ്ടത്ര വികസനം എത്തിക്കാൻ സാധിച്ചില്ലെന്നത് റിഷാദിൻ്റെ സാധ്യത വർദ്ധിപ്പിക്കുന്നു. കൂടാതെ റിഷാദിന് കുടുംബപരമായി നല്ലൊരു വോട്ട് നേടാൻ സാധിക്കുമെന്നാണ് എൽഡിഎഫ് കണക്ക് കൂട്ടുന്നത്. അതു കൊണ്ട് ഈ വാർഡ് കൈപ്പിടിയിലൊതുക്കാൻ ഇത്തവണയും ബിജെപിക്ക് കുറേയേറെ പണിപ്പെടേണ്ടി വരും. 


ഒമ്പതാം വാർഡിൽ 57 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടത്. ബിജെപി സ്ഥാനാർഥിയേക്കാൾ 175 വോട്ടിന് പിറകിലായിരുന്നു എൽഡിഎഫ്. എന്നാൽ ഇത്തവണ കോൺഗ്രസിന് ഇവിടെ വിമത സ്ഥാനാർഥി മൽസര രംഗത്തുണ്ട്. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥി ജയിക്കാതിരിക്കാൻ എൽഡിഎഫ് കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് മറിച്ചുനൽകിയതായി ആരോപണമുണ്ട്. ഇത്തവണ വിമത സ്ഥാനാർഥി കൂടി വന്നതോടെ വാർഡ് പിടിച്ചെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി.


കഴിഞ്ഞ തവണ പതിനാലാം വാർഡിൽ 157 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടത്. എന്നാൽ ഇത്തവണ മികച്ച സ്ഥാനാർഥിയെയാണ് ബിജെപി സ്ഥാനാർഥിയായി ഇറക്കിയിരിക്കുന്നത് കൂടാതെ മുസ്ലിം ലീഗ് സ്ഥാനാർഥിയെ തീരുമാനിച്ചതിൽ ആദ്യ ഘട്ടത്തിൽ എതിർപ്പ് ഉയർന്നിരുന്നു. അതു കൊണ്ട് യുഡിഎഫിലെ ഭിന്നിപ്പ് മുതലെടുത്ത് വാർഡിൽ ജയിച്ചു കയറാമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.


കഴിഞ്ഞ തവണ 140 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് പതിനഞ്ചാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയോട് ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടത്. എങ്കിലും ഇത്തവണ ഈ വാർഡ് നിശ് പ്രയാസം പിടിച്ചെടുക്കാൻ സാധിക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.


കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ ബിജെപി പരാജയപ്പെട്ടത് പതിനേഴാം വാർഡിലാണ് 382 വോട്ടിനാണ് ബിജെപി ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത് മൂന്നാം സ്ഥാനത്തെത്തിയ എൽഡിഎഫും ബിജെപിയും തമ്മിൽ 14 വോട്ടിൻ്റെ വ്യത്യാസം മാത്രമേയുള്ളൂ. ഇവിടെ ബിജെപി ജയിക്കാൻ സാധ്യത വളരെ കുറവാണ്. പക്ഷേ എൽഡിഎഫ് ഇവിടെ വിജയപ്രതീക്ഷയർപ്പിക്കുന്നുണ്ട്.


84 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് പതിനെട്ടാം വാർഡിൽ ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടത്. കഴിഞ്ഞ തവണ കോൺഗ്രസ് 205 വോട്ടുകൾ മാത്രമാണ് നേടിയത്. കഴിഞ്ഞ പതിനഞ്ച് വർഷം കൊണ്ട് വാർഡിൽ വികസന പെരുമഴ തീർത്ത വേണുഗോപാലൻ നായരുടെ ഭാര്യ സനില വേണുഗോപാലാണ് ഇവിടെ മൽസരിച്ചിരുന്നത്. അതുകൊണ്ട് തന്നെ മുൻ കോൺഗ്രസ് നേതാവായ ഇവർ യുഡിഎഫ് വോട്ടുകളിൽ നല്ലൊരു ഭാഗം നേടിയെടുത്തിരുന്നു. എന്നാൽ ഇത്തവണ ശക്തമായ മൽസരമാണ് വാർഡിൽ നടക്കുന്നത്. യുഡിഎഫ് സ്ഥാനാർഥിയായി മുൻ കാല കോൺഗ്രസ് നേതാവ് സോമൻ തട്ടാരക്കലും എൽഡിഎഫ് സ്ഥാനാർഥിയായി ഉമേശ് ബാബുവും ബിജെപി സ്ഥാനാർഥിയായി ഷാജി ചോലക്കൽ മീത്തലുമാണ് മൽസരിക്കുന്നത്. . കുന്ദമംഗലം പഞ്ചായത്തിൽ ബിജെപി ഏറ്റവും കൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന വാർഡുകളിലൊന്നാണിത്. എന്നാൽ മുൻ മെമ്പർ നടത്തിയ വികസന പ്രവർത്തനങ്ങളും അവസാന നിമിഷം മതേതര വോട്ടുകളിലുണ്ടാവുന്ന ഏകീകരണവും തങ്ങൾക്ക് അനുകൂലമാവുമെന്നു തന്നെയാണ് എൽ ഡി എഫ് പ്രതീക്ഷ.


പത്തൊമ്പതാം വാർഡിൽ കഴിഞ്ഞ തവണ 98 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ബിജെപി സ്ഥാനാർഥി പരാജയപ്പെട്ടത് കഴിഞ്ഞ തവണ കോൺഗ്രസിൻ്റെ വിമത സ്ഥാനാർഥി 111 വോട്ട് നേടിയിട്ട് പോലും വിജയിക്കാൻ സാധിക്കാത്ത വാർഡിൽ ഇത്തവണ വിജയിക്കാൻ ബിജെപി കടുത്ത പോരാട്ടം തന്നെ നടത്തേണ്ടിവരും.


കഴിഞ്ഞ തവണ 243 വോട്ടിന് യു ഡി എഫ് വിജയിച്ച ഇരുപത്തിയൊന്നാം വാർഡിൽ മുമ്പുണ്ടായിരുന്ന പ്രതീക്ഷ ഇപ്പോൾ ബി ജെ പി വെച്ചു പുലർത്തുന്നില്ല. തൊട്ടടുത്ത പതിനെട്ടാം വാർഡിൽ ജനകീയ മെമ്പറായി പേരെടുത്ത വേണുഗോപാലൻ നായരാണ് ഇവിടെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിക്കുന്നത്. വേണുഗോപാലൻ നായർ ഇടപ്പെട്ടാണ് വാർഡിലെ നീണ്ട കാലത്തെ ആവശ്യമായിരുന്ന തൈക്കണ്ടി റോഡ് എംഎൽഎ ഫണ്ട് ഉപയോഗിച്ച് നവീകരിച്ചത്. കൂടാതെ ഒരു കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ എം.എൽ.എ ഫണ്ടുപയോഗിച്ച് വാർഡിൽ നടപ്പിലാക്കിയത്. ഇതൊക്കെ ചൂണ്ടി കാണിച്ചാണ് എൽഡിഎഫ് ഇത്തവണ വോട്ട് തേടുന്നത്. കൂടാതെ ജനറൽ സീറ്റിൽ സ്ത്രീകളെ മൽസരിപ്പിച്ചാൽ വോട്ട് ചെയ്യേണ്ടതില്ലെന്ന കാന്തപുരത്തിൻ്റെ തീരുമാനം ഇവിടെ നടപ്പിലാക്കാൻ നിർദ്ദേശം നൽകിയതായാണ് വിവരം. അങ്ങനെയെങ്കിൽ വാർഡിൽ നിർണ്ണായക സ്വാധീനമുള്ള കാന്തപുരം വിഭാഗത്തിൻ്റെ മുഴുവൻ വോട്ടും എൽഡിഎഫ് സ്ഥാനാർഥിക്ക് ലഭിക്കാനാണ് സാധ്യത. കൂടാതെ കാന്തപുരത്തിന് താൽപര്യമുള്ള മറ്റൊരു സ്ഥാനാർഥിയെ മൽസരിപ്പിക്കാൻ യുഡിഎഫിനോട് ആവശ്യപ്പെട്ടിരുന്നതായും സൂചനയുണ്ട്. ഇതോടെ വാർഡിൽ മൽസരം യുഡിഎഫും എൽഡിഎഫും തമ്മിലായി മാറിയിരിക്കുകയാണ്. ഇതോടെ ബിജെപിക്ക് ഈ വാർഡിലെ പ്രതിക്ഷയും മങ്ങിയിരിക്കുകയാണ്. എന്നാൽ കഴിഞ്ഞ തവണ പുതുമുഖമായി വാർഡിലെത്തിയ ഷൈജ അഞ്ചു വർഷം കൊണ്ട് വാർഡിലെ നിറസാനിദ്ധ്യമായി മാറിയിട്ടുണ്ട്. ഷൈജയുടെ വാർഡിലെ പരിചയം വോട്ടായി മാറുമെന്നാണ് യുഡിഎഫ് പ്രതീക്ഷ


ഇരുപത്തിരണ്ടാം വാർഡിൽ 157 വോട്ടിനാണ് ബിജെപി പരാജയപ്പെട്ടത്. ബിജെപിയേക്കാൾ 119 വോട്ടിന് പിറകിലായിരുന്നു എൽഡിഎഫ്. ഇത്തവണയും ഇവിടെ യുഡിഎഫും തങ്ങളും തമ്മിലാണ് മൽസരമെന്നാണ് ബിജെപി അവകാശപ്പെടുന്നത്.സ്ഥാനാർഥി നിർണ്ണയവുമായി കോൺഗ്രസിൽ ഇപ്പോഴും പ്രശ്നം നിലനിൽക്കുന്നുണ്ട് അതുകൊണ്ട് ഈ വാർഡ് ഇത്തവണ പിടിച്ചെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാൽ പാരമ്പരാഗത പാർട്ടി വോട്ടും സ്ഥാനാർത്ഥിയുടെ സ്വീകാര്യതയും തങ്ങളെ തുണക്കുമെന്നാണ് എൽഡിഎഫ് പ്രതീക്ഷ.

Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward