query_builder Fri Dec 4 2020 4:21 PM
visibility 280
നാട്ടുകാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല

അടിമാലി: കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടും മൂന്നാറിൽ ട്രിപ്പ് വാഹനങ്ങളിൽ അമിതയാത്രക്കൂലി വാങ്ങുന്നത് തുടരുന്നതായി പരാതി. മൂന്നാറിൽനിന്ന് ബസ്‌സർവീസ് കുറവുള്ള ദേവികുളം, മാട്ടുപ്പട്ടി, ടോപ് സ്റ്റേഷൻ, വട്ടവട, വിവിധ എസ്റ്റേറ്റുകൾ എന്നിവിടങ്ങളിലേക്ക് ആളുകൾ യാത്രചെയ്യുന്നതിന് ആശ്രയിക്കുന്നത് ജീപ്പുകളെയും ഓട്ടോകളെയുമാണ്. കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് സർക്കാർ പ്രഖ്യാപിച്ച ലോക്ഡൗണിനുശേഷം ട്രിപ്പ് വാഹനങ്ങളിൽ കയറ്റാവുന്ന യാത്രക്കാരുടെ എണ്ണം കുറച്ച് യാത്രക്കൂലി ഇരട്ടിയായി വർധിപ്പിച്ചിരുന്നു.
മൂന്നാറിൽനിന്ന് ദേവികുളത്തിന് 15 രൂപയായിരുന്നത് 30 ആക്കി. മാട്ടുപ്പട്ടിക്ക് 20-ൽനിന്ന് 40-ഉം ടോപ് സ്റ്റേഷനിലേക്ക് 50-ൽനിന്ന് 100-ഉം ആക്കി ഉയർത്തിയിരുന്നു. വിവിധ എസ്റ്റേറ്റുകളിലേക്കും സമാനരീതിയിൽ യാത്രക്കൂലി ഇരട്ടിയാക്കിയിരുന്നു.
എന്നാൽ, നിയന്ത്രണങ്ങൾ പിൻവലിച്ചശേഷം വാഹനങ്ങളിൽ പഴയരീതിയിൽ യാത്രക്കാരെ കുത്തിനിറച്ച് സർവീസ് നടത്തിയിട്ടും യാത്രക്കൂലി കുറയ്ക്കാൻ ടാക്സിഡ്രൈവർമാർ തയ്യാറായിട്ടില്ല. ഇതിനെതിരേ നാട്ടുകാർ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല.