query_builder Fri Dec 4 2020 4:34 PM
visibility 284
പി പളനി എന്നയാളാണ് സർക്കാർ ഭൂമി കൈയേറി വീടുകളും മറ്റും നിർമിച്ചത്

അടിമാലി: സർക്കാർ ഭൂമി കൈയേറി നിർമിച്ച വീടുകളും ഷെഡ്ഡും റവന്യൂ സംഘം പൊളിച്ചുനീക്കി. മൂന്നാർ-വട്ടവട റോഡിൽ കുണ്ടള പുതുക്കടിയിൽ പ്രധാന പാതയോരത്ത് പി.പളനി എന്നയാളാണ് സർക്കാർ ഭൂമി കൈയേറി വീടുകളും മറ്റും നിർമിച്ചത്. ഒരുവർഷം മുമ്പാണ് ഇയാളുടെ നേതൃത്വത്തിൽ കോടികൾ വിലമതിക്കുന്ന നാലരയേക്കറോളം സർക്കാർ ഭൂമി കൈയേറിയത്.
കൈയേറ്റമൊഴിപ്പിക്കാൻ റവന്യൂ സംഘമെത്തിയെങ്കിലും തന്റെ കൃഷിസ്ഥലമാണെന്ന് കാട്ടി ഇയാൾ കോടതിയെ സമീപിച്ചു. ചെയ്ത കൃഷിയിൽനിന്ന് വിളവെടുക്കാനുള്ള ഉത്തരവ് കോടതിയിൽനിന്ന് നേടിയ ഇയാൾ ഇതിന്റെ മറവിൽ കഴിഞ്ഞ ദിവസം രണ്ട് വീടുകളും ഷെഡ്ഡും നിർമിച്ചു. ഇതേത്തുടർന്നാണ് ദേവികുളം സബ് കളക്‌ടർ എസ്.പ്രേം കൃഷ്ണന്റെ നിർദേശപ്രകാരം വ്യാഴാഴ്ച നിർമാണങ്ങൾ പൊളിച്ചുനീക്കിയത്. ഭൂമിയിൽ കൃഷികളൊന്നും നടത്തിയിട്ടില്ലെന്നും റവന്യൂസംഘം നടത്തിയ പരിശോധനയിൽ കണ്ടെത്തി. കെ.ഡി.എച്ച്. ഡെപ്യൂട്ടി തഹസീൽദാർ ജോൺസൺ തോമസ്, റവന്യൂ സ്പെഷ്യൽ ഓഫീസിലെ വി.എഫ്.എ.ശ്രീനാഥ്, ഭൂസംരക്ഷണ സേനാംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് നിർമാണങ്ങൾ പൊളിച്ചുമാറ്റിയത്.