query_builder Sat Dec 5 2020 3:11 AM
visibility 276

കണ്ണൂർ:പോളിങ് ദിനത്തിലുണ്ടാവാനിടയുള്ള പരാതികൾ കൈകാര്യം ചെയ്യുന്നതിന് കലക്ടറേറ്റിൽ പ്രത്യേക കോൾ സെന്റർ സജ്ജീകരിക്കുമെന്ന് കലക്ടർ ടി വി സുഭാഷ് . ജില്ലാ പഞ്ചായത്തിലെ സ്ഥാനാർഥികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും കോവിഡ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഓരോരുത്തരും ഉറപ്പുവരുത്തണം. കോവിഡ് പോസിറ്റീവാകുന്നവർക്കും ക്വാറന്റൈനിലാകുന്നവർക്കും സ്‌പെഷ്യൽ ബാലറ്റ് പേപ്പർ നൽകുന്നതിന് സജ്ജീകരണങ്ങളായി.
ജില്ലയിൽ 785 ഇടങ്ങളിൽ വെബ്കാസ്റ്റിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയിൽപ്പെടാത്ത ഏതെങ്കിലും ബൂത്തിൽ സ്ഥാനാർഥികൾക്കും പാർടികൾക്കും ആവശ്യമെങ്കിൽ സ്വന്തം ചെലവിൽ വീഡിയോഗ്രഫി ചെയ്യുന്നതിന് സംവിധാനമൊരുക്കും. ആവശ്യമുള്ളവർ ശനിയാഴ്‌ച വൈകിട്ട് നാലിന് മുമ്പ് കലക്ടറേറ്റിൽ അപേക്ഷ നൽകണം.
തെരഞ്ഞെടുപ്പിൽ പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കണമെന്നും കലക്ടർ പറഞ്ഞു. എഡിഎം ഇ പി മേഴ്‌സി, അസിസ്റ്റന്റ് കലക്ടർ ആർ ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു.