query_builder Sat Dec 5 2020 6:09 AM
visibility 174
സർക്കാറിന്റെ സൗജന്യ കിറ്റ് 10നകം വിതരണം ചെയ്യുവാൻ നിർദ്ദേശം
വടകര: കോവിഡ് കരുതലായ സർക്കാറിന്റെ സൗജന്യകിറ്റ് ഗുണഭോക്താക്കൾക്ക് ഈമാസം 10നകം നൽകാൻ നിർദേശം. അന്ത്യോദയ, മുൻഗണന വിഭാഗം കാർഡുകൾക്കാണ് നവംബറിന് പിന്നാലെ ഡിസംബറിലെയും കിറ്റ് നൽകാൻ കർശന നിർദേശമുണ്ടായത്. മുൻഗണനേതര (നീല കാർഡ്), വിഭാഗത്തിനും പൊതുവിഭാഗത്തിനും (വെള്ള കാർഡ്) നവംബർ, ഡിസംബർ കിറ്റുകൾ ഒന്നിച്ച് തെരഞ്ഞെടുപ്പിനുശേഷം നൽകാനാണ് വിഡിയോ കോൺഫറൻസിലെ തീരുമാനം.
അതേസമയം, ഗുണഭോക്താക്കളിൽതന്നെ മുൻഗണന വിഭാഗത്തിന് നവംബറിലെ കിറ്റ് വിതരണം ചില താലൂക്കുകളിൽ പൂർത്തിയായില്ല. നിർദേശം എത്തുംമുമ്പേ കിറ്റ് അന്വേഷിച്ച് റേഷൻ കടകളിൽ വന്ന നീല, വെള്ള കാർഡുകാർക്ക് നൽകുകയും ചെയ്തു. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് ഗുണഭോക്താക്കൾക്ക് മാത്രം നൽകണമെന്ന നിർദേശം കർശനമാക്കിയത്.
നവംബറിലെ മുൻഗണന കിറ്റ് 19നകം നൽകാനായിരുന്നു നിർദേശം. ഇത് പൂർത്തീകരിക്കാനായില്ല. നവംബർ ആദ്യ ആഴ്ചയിൽ തീർക്കേണ്ട മുൻഗണന കിറ്റ് വിതരണം പൂർത്തിയായത് മാസം പകുതിയോടെയാണ്. ഈ സാഹചര്യത്തിൽ, ക്രിസ്മസ് കിറ്റ് ഡിസംബർ 10നകം നൽകുക അസാധ്യമാണ്. 10നകം അന്ത്യോദയ വിഭാഗത്തിന് കിറ്റ് നൽകാനാവുമെന്നാണ് സിവിൽ സപ്ലൈസ് അധികൃതരുടെ നിലപാട്. എന്നാൽ, ഏറെ കാർഡുകളുള്ള മുൻഗണന വിഭാഗത്തിന് ഈ സമയത്തിനകം നൽകാനാവില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വെളിച്ചെണ്ണ, ഗോതമ്പ് നുറുക്ക് അടക്കം സാധനങ്ങൾ ഇല്ലാത്തതാണ് കിറ്റ് ഒരുക്കാൻ തടസ്സം.
സ്കൂൾ വിദ്യാർഥികൾക്കുള്ള കിറ്റ് വിതരണവും നടക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണച്ചൂട് കനത്തതോടെ കിറ്റ് ഒരുക്കാൻ സന്നദ്ധ പ്രവർത്തകരെ കിട്ടുന്നില്ല. കൂടാതെ, കിറ്റ് പാക്കിങ് കേന്ദ്രങ്ങളിൽ 50 ശതമാനവും പോളിങ് ബൂത്തുകളായതിനാൽ പുതിയ കേന്ദ്രങ്ങൾ കണ്ടെത്താനുള്ള െനട്ടോട്ടത്തിലാണ് ഉദ്യോഗസ്ഥർ.