query_builder Sat Dec 5 2020 9:59 AM
visibility 204
ആര്‍.ജി.സി.ബി കാമ്പസിന് ഗോള്‍വാള്‍ക്കറുടെ പേര്; എതിർപ്പുമായി കോണ്‍ഗ്രസും സിപിഎമ്മും

തിരുവനന്തപുരം: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററിന്റെ രണ്ടാമത്തെ കാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകുന്നതിനെതിരെ സിപിഎമ്മും കോൺഗ്രസും രംഗത്തെത്തി. നീക്കത്തിനെതിരെ സിപിഎം, കോൺഗ്രസ് നേതാക്കൾ രൂക്ഷ വിമർശനം നടത്തി. കാമ്പസിന് ഗോൾവാൾക്കറുടെ പേര് നൽകാനുള്ള തീരുമാനം അങ്ങേയറ്റം ഹീനവും പ്രതിഷേധകരവുമാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎം ബേബി പറഞ്ഞു.കേരള സമൂഹത്തിൽ ഇതിന്റെ പേരിൽ ഒരു വർഗീയ വിഭജനം ഉണ്ടാക്കി നേട്ടം കൊയ്യാനുള്ള ആർ എസ് എസിന്റെ കുൽസിതനീക്കമാണ് ഇതിനു പിന്നിൽ. കേരളത്തിലെ ജനാധിപത്യ സമൂഹം ഒന്നടങ്കം ഈ നീക്കത്തെ എതിർക്കണം. ഇന്ത്യയിൽ വർഗീയ വിദ്വേഷം പടർത്താൻ നേതൃത്വം കൊടുത്ത ആളാണ് , ഗാന്ധിജിയെ വെടിവച്ചു കൊന്ന കാലത്തെ ഈ ആർ എസ് എസ് മേധാവിയെന്നും ബേബി പറഞ്ഞു. ആധുനിക ഇന്ത്യയുടെ വർഗീയവല്ക്കരണത്തിന് അടിത്തറയിട്ട ഈ ഹിന്ദു മേധാവിത്വ വർഗ്ഗീയവാദിയുടെ പേര് കേരളത്തിലെ ഒരു സ്ഥാപനത്തിന് നല്കുന്നത് മനപൂർവം പ്രകോപനം സൃഷ്ടിക്കാനാണെന്ന് എം.എ ബേബി കൂട്ടിചേർത്തു.