query_builder Sat Dec 5 2020 10:46 AM
visibility 173
ആയുർവേദിക് ബീച്ച് റിസോർട്ടിന് നേരെ ഗുണ്ടാ ആക്രമണം.
വർക്കല: മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എ. ദാവൂദിന്റെ ചിലക്കൂർ വള്ളക്കടവ് കടപ്പുറത്തുള്ള സാലിയന്റ് ആയുർവേദിക് ബീച്ച് റിസോർട്ടിന് നേരെ ഗുണ്ടാ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 12.30ഓടെ അക്രമികൾ റിസോർട്ടിൽ അതിക്രമിച്ചുകയറി വാതിലുകൾ ചവിട്ടിപ്പൊളിക്കുകയും ജനാലയുടെ ചില്ലുകൾ, സ്റ്റെയർ കേയ്സ്, ഫാനുകൾ എന്നിവയും അടിച്ചുതകർക്കുകയുമായിരുന്നു. പെട്രോൾ ബോംബ് ആക്രമണത്തിൽ റിസോർട്ടിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. മുൻവശത്ത് പാർക്ക് ചെയ്‌തിരുന്ന ദാവൂദിന്റെ കാറിന്റെ ചില്ലുകളും അക്രമികൾ അടിച്ചുതകർത്തു. റിസോർട്ടിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ദാവൂദ് ശബ്ദംകേട്ട് ഉണർന്നപ്പോൾ തീ കത്തുന്നത് കണ്ടു. സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികൾ റൂമുകളിൽ പരിശോധിച്ചെങ്കിലും ദാവൂദ് ബാത്റൂമിൽ കയറി ഒളിച്ചിരുന്നതിനാൽ ആക്രമണമുണ്ടായില്ല. വിവരമറിയിച്ചതിനെ തുടർന്ന് വർക്കല പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികൾ ഓടി രക്ഷപ്പെട്ടു. വർക്കല നഗരസഭയിലെ മുൻ കൗൺസിലറായിരുന്ന ദാവൂദ് ഭാര്യയുടെ മരണശേഷം ഏറെനാളായി റിസോർട്ടിൽ ഒറ്റയ്‌ക്കാണ് താമസം. മക്കളിലൊരാളായ നൈസാം ദാവൂദ് നഗരസഭയിലെ പണയിൽ വാർഡിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥിയാണ്. ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അക്രമികളെ പിടികൂടാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും ദാവൂദ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.