query_builder Sat Dec 5 2020 12:43 PM
visibility 174
കോട്ടയം: കോവിഡ് ചികിത്സയിലോ നിരീക്ഷണത്തിലോ കഴിയുന്നവര്‍ക്കായുള്ള സ്പെഷ്യല്‍ തപാല്‍ വോട്ടിന്‍റെ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോളിംഗ് ബൂത്തില്‍ വോട്ടു ചെയ്യാന്‍ കഴിയില്ല.
നവംബര്‍ 30 മുതല്‍ കോവിഡ് സ്ഥിരീകരി ക്കപ്പെട്ടവരും ക്വാറന്‍റയിനില്‍ കഴിയുന്നവരുമാണ് ഈ പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പിന്‍റെ തലേദിവസമായ ഡിസംബര്‍ ഒന്‍പതിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ രോഗം സ്ഥിരീകരിക്കപ്പെടുന്നവര്‍ക്കും ക്വാറന്‍റയിന്‍ നിര്‍ദേശിക്കപ്പെടുന്നവര്‍ക്കും സ്പെഷ്യല്‍ തപാല്‍ വോട്ട് മാത്രമാണ് ചെയ്യാന്‍ കഴിയുക.
അതുകൊണ്ടുതന്നെ വിവര ശേഖരണത്തിനായി കളക്ടറേറ്റിലെ സ്പെഷ്യല്‍ തപാല്‍ വോട്ട് സെല്ലില്‍നിന്ന് ഉദ്യോഗസ്ഥര്‍ ബന്ധപ്പെടുമ്പോള്‍ ഈ വിഭാഗത്തില്‍ പെടുന്ന ആളുകള്‍ സഹകരിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.
സ്പെഷ്യല്‍ തപാല്‍ വോട്ട് സൗകര്യം ഏര്‍പ്പെടുത്തുന്നതിനുള്ള വിവരശേഖരണത്തിനായി 11260 പേരുടെ പട്ടികയാണ് ജില്ലാ കോവിഡ് സെല്ലില്‍നിന്നും കളക്ടര്‍ക്ക് കൈമാറിയിട്ടുള്ളത്. ഇതില്‍ 4419 പേര്‍ രോഗികളും 6841 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നവരുമാണ്. സ്പെഷ്യല്‍ തപാല്‍ വോട്ട് സെല്ലില്‍ പ്രാഥമിക പരിശോധനയ്ക്കുശേഷം 9726 പേരുടെ പട്ടിക വരണാധികാരികള്‍ക്ക് നല്‍കി. ഈ പട്ടികയുടെ അന്തിമ പരിശോധന നടത്തിയശേഷമായിരിക്കും വരണാധികാരികള്‍ സ്പെഷ്യല്‍ തപാല്‍ വോട്ടിന് ക്രമീകരണം ഏര്‍പ്പെടുത്തുക.
രോഗം ബാധിച്ചവരും ക്വാറന്‍റയിനില്‍ കഴിയുന്നവരും ഉള്‍പ്പെടെ മറ്റു ജില്ലക്കാരായ 136 പേരുടെ പട്ടിക അതത് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. മറ്റു ജില്ലകളിലുള്ള കോട്ടയം ജില്ലക്കാരായ 30 പേരുടെ വിവരം ഇതുവരെ ഇവിടെ ലഭിക്കുകയും ചെയ്തു. രണ്ടു വിഭാഗങ്ങളില്‍ പെട്ടവരുടെയും വിവരങ്ങള്‍ അതത് മേഖലകളിലെ വരണാധികാരികള്‍ക്ക് നല്‍കും. വിശദാംശങ്ങള്‍ പരിശോധിച്ചശേഷം ഇവര്‍ക്ക് തപാല്‍ മുഖേന സ്പെഷ്യല്‍ തപാല്‍ ബാലറ്റ് അയച്ചു നല്‍കുന്നതിന് വരണാധികാരികള്‍ നടപടി സ്വീകരിക്കും.