query_builder Sat Dec 5 2020 1:56 PM
visibility 175
കാഞ്ഞിരപ്പുഴ ഇടത് കനാൽ: മന്ത്രിയുടെ നിർദേശവും നടന്നില്ല.
തച്ചമ്പാറ: കാഞ്ഞിരപ്പുഴ ഇടതുകനാലിൽ താൽക്കാലിക സംവിധാനമൊരുക്കി വെള്ളിയാഴ്ച വെള്ളം തുറന്നു വിടണമെന്ന ജലസേചന വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിർദേശം നടപ്പായില്ല. ഞായറാഴ്ച താൽക്കാലികമായി വെള്ളം തുറന്നു വിടാൻ ശ്രമിക്കുകയാണെന്ന് അധികൃതരുടെ പറഞ്ഞു. തുലാമഴ കിട്ടാതെ വന്നതോടെ ഉണക്ക് ഭീഷണി നേരിടുന്ന നെൽകർഷകരുടെ ആവശ്യത്തെത്തുടർന്നാണ് കഴിഞ്ഞ തിങ്കളാഴ്ച കാഞ്ഞിരപ്പുഴ ഇടതു കനാൽ തുറന്നത്. എന്നാൽ അറ്റകുറ്റപ്പണികൾ പൂർത്തിയായില്ലെന്നു പറഞ്ഞു തുറന്നുവിട്ട ഉടനെ തന്നെ കനാൽ അടക്കുകയും ചെയ്തു. പ്രതിഷേധത്തെ തുടർന്ന് ചൊവ്വാഴ്ച വീണ്ടും തുറന്നെങ്കിലും അപ്പോൾ തന്നെ വീണ്ടും അടക്കുകയും ചെയ്തു. തുറക്കലും അടക്കലും വിവാദമായതിനെത്തുടർന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യാഴാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കനാലിലെ നെല്ലിക്കുന്ന്, പൊന്നംകോട് ഭാഗത്തെ ചോർച്ചകൾ അടക്കാൻ കഴിയാത്തതിനാലാണ് വീണ്ടും വെള്ളം നിർത്തേണ്ടി വന്നത്. ചോർച്ചയുള്ള ഭാഗങ്ങളിൽ ടാർപായ വിരിച്ച് ചാക്കിൽ മണ്ണ് നിറച്ച് വെച്ചാണ് താൽക്കാലികമായി വെള്ളം വിട്ടത്. എന്നാൽ വെള്ളം വന്നതോടെ ചാക്കുകൾ നീങ്ങുകയും ചോർച്ച തുടങ്ങുകയും ചെയ്തിരുന്നു. മണ്ണാർക്കാട് താലൂക്കിന് പുറമേ ഒറ്റപ്പാലം താലൂക്കിലെയും ആയിരക്കണക്കിന് ഹെക്ടർ നെൽകൃഷിയാണ് വെള്ളം കിട്ടാത്തതിനാൽ ഉണക്ക് ഭീഷണി നേരിടുന്നത്.
കാഞ്ഞിരപ്പുഴ ഇടതുകനാൽ പൊന്നങ്കോട് ഭാഗത്തെ ചോർച്ച അടക്കുന്നു