query_builder Tue Dec 1 2020 5:50 PM
visibility 166
പദ്ധതിക്ക് മികച്ച പ്രതികരണമാണ് സഞ്ചാരികളിൽനിന്ന് ലഭിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു

അടിമാലി: വിനോദസഞ്ചാരികൾക്ക് താമസിക്കുന്നതിനായി ആരംഭിച്ച മൂന്നാറിലെ കെ.എസ്.ആർ.ടി.സി. സ്ലീപ്പർ കോച്ച് സംവിധാനം വിജയത്തിലേക്ക്. പദ്ധതിക്ക് മികച്ച പ്രതികരണമാണ് സഞ്ചാരികളിൽനിന്ന് ലഭിക്കുന്നതെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു.
കഴിഞ്ഞ നവംബർ 14 മുതലാണ് രണ്ട് എയർ കണ്ടീഷൻഡ് ബസിലായി 32 പേർക്കുള്ള താമസസൗകര്യം ആരംഭിച്ചത്. ഒരാൾക്ക് ഒരു രാത്രി തങ്ങുന്നതിനായി 100 രൂപയാണ് ഈടാക്കുന്നത്. പുതയ്ക്കാനുള്ള കമ്പിളിക്ക് 50 രൂപ വേറേയും നൽകണം.
ഇത്തരത്തിൽ നവംബർ 14 മുതൽ 30 വരെ 55,280 രൂപയാണ് കെ.എസ്.ആർ.ടി.സി.ക്ക് വരുമാനമായി ലഭിച്ചത്. വിനോദസഞ്ചാരികളുടെ വരവ് തുടങ്ങിയശേഷം എല്ലാ ദിവസവും താമസക്കാർ ഉള്ളതായി ഡിപ്പോ ഇൻചാർജ് സേവി ജോർജ് പറഞ്ഞു. സഞ്ചാരികൾക്ക് കുളിക്കാൻ ചൂടുവെള്ളം നൽകുന്നതിനുള്ള സൗകര്യം ഉടൻ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.