query_builder Wed Dec 2 2020 4:52 AM
visibility 1225
പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ച സംഭവത്തിൽ ദുരൂഹത. അന്വേഷണം തുടങ്ങി
മലയിൽകീഴ്: പ്ലസ് ടു വിദ്യാർത്ഥിനി വീട്ടിൽ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പിതാവ് ഹരീന്ദ്രനാഥ് ഡി.ജി.പി.യ്ക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങി.ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നാണ് പിതാവ് ഹരീന്ദ്രനാഥ് പരാതിയിൽ പറയുന്നത്.മലയിൻകീഴ് സി.ഐ.അനിൽകുമാർ പെൺകുട്ടിയുടെ വീടിനടുത്തുള്ള അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ 15 പേരെ ചോദ്യം ചെയ്തിട്ടുണ്ട്.പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടേണ്ടതുണ്ട്.മണ്ണെണ്ണ കൊണ്ടുവന്നതെന്ന് കരുതുന്ന കുപ്പിയും അതിലെ വിരലടയാളവും പോലീസ് ശേഖരിച്ചിട്ടുണ്ട്.
നവംബർ 13 ന് വൈകുന്നേരം 3 മണിയോടെയാണ് പെരുകാവ് കുളവറമൂല ഗൗരീശത്തിൽ ഹരീന്ദ്രനാഥിന്റെ മകൾ ആരതി ജെ.എച്ച്. നായർ(17) വീട്ടിൽ പൊള്ളലേറ്റ് മരിച്ചത്.അടുക്കള ഭാഗത്ത് മലർന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തല മുതൽ മുട്ട് വരെ കത്തിക്കരിഞ്ഞു. സംഭവം നടക്കുന്നതിന് അര മണിക്കൂർ മുമ്പ് മാതാവ് ജയന്തിയെ ആരതി ഫോണിൽ വിളിച്ച് പൂത്തിരി വാങ്ങിവരണമെന്ന് പറഞ്ഞിരുന്നു.വീട്ടിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ അതേപോലെ ഉണ്ട്.പുറമേ നിന്ന് മണ്ണെണ്ണ കൊണ്ടുവന്ന് മകളെ കൊന്നതാണെന്ന സംശയമാണ് പിതാവിന്.മണ്ണെണ്ണ കൊണ്ടുവന്നതെന്ന് കരുതുന്ന കുപ്പിയും അതിലെ വിരലടയാളവും പോലീസ് ശേഖരിച്ചിട്ടുണ്ട്.മകളെ തള്ളിയിട്ട ശേഷം അപകടപ്പെടുത്തിയെന്നും അവൾ മരിക്കുന്നതിന് യാതൊരു കാരണവുമില്ലെന്നുമാണ് ഹരീന്ദ്രനാഥ് പറയുന്നത്. ഫോർഡ് കമ്പനി ജീവനക്കാരനായ ഹരീന്ദ്രനാഥ് അഞ്ച് വർഷം മുമ്പാണ് കുളവറമൂലയിൽ വീട് നിർമ്മിച്ച് താമസമായത്. മാതാവ് ജയന്തി പാളയത്തെ സ്വകാര്യ ട്രാവൽസിലെ ജീവനക്കാരിയാണ്. ജയന്തി വീട്ടിലേക്ക് വിളിച്ച് ആരതിയോട് വേഗം വരാമെന്നും നാരങ്ങ വെള്ളം തയ്യാറാക്കി വെക്കാനും പറഞ്ഞു. തുടർന്ന് തിരുമലയിലെത്തി ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോകുകയായിരുന്നു. ഏറെ നേരം വിളിച്ചിട്ടും വീടിനുള്ളിൽ നിന്നും ആരതിയുടെ പ്രതികരണം ഇല്ലാതിരുന്നതോടെ അയൽക്കാരെ ജയന്തി വിളിച്ച് അന്വേഷിച്ചു. അയൽക്കാർ കൂടി വന്ന് വീടിന് പിൻഭാഗത്തെ അടുക്കള വാതിൽ തള്ളിതുറന്നു. വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നുള്ളൂ. വാതിൽ തുറന്നപ്പോഴാണ് ആരതി കത്തിക്കരിഞ്ഞു കിടക്കുന്നത് കണ്ടത്. പിന്നീട് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് മലയിൻകീഴ് പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ സ്വീകരിക്കുകയായിരുന്നു.ഇവരുടെ വീടിന് തൊട്ടടുത്തായി നിരവധി വീടുകളുണ്ട്. എന്നാൽ വീട്ടിൽ നിന്നും യാതൊരു ശബ്ദവും ആരും കേട്ടില്ല. അതിനാൽ അയൽക്കാർക്കും നിരവധി സംശയങ്ങളുണ്ട്. വീട്ടിനുള്ളിലെ മണ്ണെണ്ണ പാത്രം അവിടെ തന്നെയുള്ളപ്പോൾ മറ്റൊരു മണ്ണെണ്ണ പാത്രം എങ്ങനെ അവിടെയെത്തി എന്നും സംശയം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടുന്നു.
പേയാട് സെന്റ് സേവ്യേഴ്‌സ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിയായ ആരതി പഠിക്കാൻ മിടുക്കിയായിരുന്നു. സഹോദരൻ അഖിൽനാഥ് വിദേശത്താണ്.