query_builder Wed Dec 2 2020 5:47 AM
visibility 242

ഒറ്റപ്പാലം: മുപ്പത് ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒറ്റപ്പാലം അനങ്ങൻമല വിനോദസഞ്ചാര കേന്ദ്രം ഇന്നു തുറക്കും.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സന്ദർശകർക്കു പ്രവേശനം.
കോവിഡ് ലോക്ക് ഡൗൺ കാലത്ത് വിനോദ സഞ്ചാരികളുടെ സന്ദർശനം നിർത്തിവെച്ചിരുന്ന ഇക്കോ ടൂറിസം കേന്ദ്രത്തിൽ ഇക്കോ ഷോപ്പ്, കാൻറീൻ എന്നിവയുടെ നിർമ്മാണം, വ്യൂ പോയൻറുകളിൽ ഇരിപ്പിടങ്ങൾ, പാർക്കിങ് കേന്ദ്രത്തിന്റെ വിപുലീകരണം, ക്യാമറ നിരീക്ഷണം, ടിക്കറ്റ് കൗണ്ടറുകളുടെയും ശുചി മുറികളുടെയും നവീകരണം, പെയിന്റിംഗ് തുടങ്ങിയ പ്രവർത്തനങ്ങളാണ് പൂർത്തീകരിച്ചത്.
പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്താൻ ഒരുക്കുന്ന കേന്ദ്രത്തിന്റെ നിർമ്മാണം അന്ത്യഘട്ടത്തിലാണ്. ഇക്കോ ഷോപ്പും, കാന്റീനും ക്രിസ്തുമസ് അവധിക്കാലത്ത് പ്രവർത്തനം തുടങ്ങുമെന്നും വനം വകുപ്പ് അറിയിച്ചു. ഇവിടെ ഒട്ടേറെ മലയാളം തമിഴ് സിനിമകൾ ചിത്രീകരിച്ചിട്ടുണ്ട്. പണിക്കർ കുന്ന്, ചെറിയ വെള്ളച്ചാട്ടം, മലമുകളിലേക്കുള്ള യാത്ര, കുട്ടികളുടെ പാർക്ക്, കീഴൂരിലെ നീർപ്പാലം തുടങ്ങിയവയാണ് സന്ദർശകരെ ആകർഷിക്കുന്നത്. ദിവസവും പകൽ 9.30 മുതൽ വൈകിട്ട് 6 വരെയാണു പ്രവേശന സമയം.
2011 ഫെബ്രുവരിയിലാണ് ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ച് അനങ്ങൾ മല ഇക്കോ ടൂറിസം പദ്ധതി നാടിനുസമർപ്പിച്ചത്.രണ്ടാം ഘട്ടത്തിൽ
റോപ് വേയും, മലമുകളിൽ സന്ദർശകർക്കു താമസിക്കുവാനുള്ള കോട്ടേജുകളും ഉൾപ്പെടെ
വലിയ പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.