news bank logo
Kerala Times
19

Followers

query_builder Wed Dec 2 2020 1:45 PM

visibility 186

കരമന–കളിയിക്കാവിള പാത നിർമാണം: ബാലരാമപുരം കവലയിൽ വഴിമുട്ടി; ഇനിയെന്ത്?


നെയ്യാറ്റിൻകര: കരമന–കളിയിക്കാവിള പാത നിർമാണത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. പാതയുടെ നിർമാണം തുടങ്ങിയിട്ട് 10 വർഷമായി. 2006 ലെ വി.എസ്.അച്യുതാനന്ദൻ സർക്കാരിന്റെ അവസാന നാളുകളിലാണ് പാതയ്ക്ക് തറക്കല്ലിട്ടത്. തുടർ നടപടി ഉണ്ടായില്ല. പിന്നെ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് പണി തുടങ്ങിയത്. 3 ഘട്ടമായി പണി പൂർത്തിയാക്കാനായിരുന്നു തീരുമാനം. ആദ്യഘട്ടം കരമന മുതൽ പ്രാവച്ചമ്പലം വരെ. രണ്ടാം ഘട്ടം അവിടെ നിന്നു ബാലരാമപുരം വഴിമുക്ക് വരെ. ശേഷിക്കുന്ന കളിയിക്കാവിള വരെയുള്ള വികസനം 3–ാംഘട്ടം ഇത്തരത്തിലായിരുന്നു പദ്ധതിയുടെ രൂപ കൽപന. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പ്രാവച്ചമ്പലം വരെയുള്ള ഒന്നാം ഘട്ടം പൂർത്തിയാക്കി. 


ശേഷിക്കുന്ന വഴിമുക്ക് വരെയുള്ള ഭാഗത്തെ പണികൾ പിണറായി സർക്കാരിന്റെ കാലത്താണ് തുടങ്ങുന്നത്. വഴിമുക്ക് വരെ സ്ഥലം ഏറ്റെടുക്കുന്നതിൽ പ്രതിഷേധം ഉയർന്നു. ബാലരാമപുരം ജംക്ഷൻ ഉൾപ്പെടുന്ന വഴിമുക്ക് വരെയുള്ള ഭാഗം വിട്ടു കൊടുക്കുന്നതിൽ തർക്കവും പ്രതിഷേധവും ഉയർന്നപ്പോൾ സർക്കാർ റോഡ് വികസനം ജംക്ഷന് സമീപം കൊടിനട വരെ എന്നാക്കി ചുരുക്കി. അതേവരെയുള്ള പണി ഇപ്പോൾ ഏതാണ്ട് അവസാനഘട്ടത്തിലാണ്. ബാലരാമപുരം കവല വികസനമാണ് പ്രധാന ലക്ഷ്യമെങ്കിലും  അതിൽ കൈവയ്ക്കാൻ സർക്കാർ തയാറല്ല. പാത വികസനം നടക്കേണ്ട ഭാഗത്തെ ഒഴിവാക്കിയുള്ള വികസനം കൊണ്ട് ലക്ഷ്യത്തിലെത്താനുമാവില്ല.


തിരുവനന്തപുരം– കന്യാകുമാരി റോഡും, വിഴിഞ്ഞം–കാട്ടാക്കട റോഡും സന്ധിക്കുന്ന ബാലരാമപുരം കവലയാണ് റോഡ് വികസനത്തിന് പ്രതിസന്ധി. പരിഹാര നിർദേശങ്ങൾ പലതുണ്ടായി. അതിലൊന്ന് പരിഗണിക്കപ്പെട്ടു. ബാലരാമപുരം ഭാഗത്ത് വിഴിഞ്ഞം– കാട്ടക്കട റോഡിൽ അടിപ്പാത നിർമാണം. അതിനായി മണ്ണ് പരിശോധനയും നടന്നു. എന്നാൽ അതിനെതിരെയായി പിന്നെ പ്രതിഷേധം. ജംക്ഷന്റെ വികസനത്തെ അടിപ്പാത ദോഷമായി ബാധിക്കുമെന്നായിരുന്നു കണ്ടെത്തൽ. സർക്കാർ അതിനും വഴങ്ങി. ഇനിയെന്ത്? എന്നതിൽ തട്ടി നിൽക്കുകയാണ് റോഡ് വികസനം. 


ശേഷിക്കുന്ന ഭാഗത്തെ റോഡ് വികസനത്തിനായി ബാലരാമപുരം മുതൽ കളിയിക്കാവിള വരെ റോഡിനിരുവശവും വേണ്ടി വരുന്ന ഭാഗം അളന്ന് തിട്ടപ്പെടുത്തുന്നില്ല.  എങ്കിലും വികസനം മുന്നിൽ കണ്ട് ഇരുവശത്തേയും സ്ഥലം ഏറ്റെടുക്കാനായി ഫ്രീസ് ചെയ്തിരിക്കുകയാണ്. അതോടെ റോഡ് വക്കിലെ സ്ഥലം ഉടമകൾ വെട്ടിലായി. അത്യാവശ്യത്തിനുള്ള ക്രയവിക്രയം പോലും നടത്താനാവുന്നില്ല.  വേണ്ടിവരുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തി കല്ലിട്ടിരുന്നെങ്കിൽ ശേഷിക്കുന്ന സ്ഥലം എത്രയെന്ന് അറിയാനും, വിൽക്കുകയോ, വാങ്ങുകയോ ചെയ്യാനും സാധിക്കുമായിരുന്നെന്ന് ആവശ്യക്കാർ.

0
Related News
No content available

No content available

Latest News
news bank logo

© Copyright 2020

All Rights Reserved

About Us Contact Us Terms of Service Privacy Policy

Find us on

Google PlayApp Store
arrow_upward