query_builder Wed Dec 2 2020 3:04 PM
visibility 208

തൃശ്ശൂർ : തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതരും ക്വാറന്റീനില്‍ കഴിയുന്നവരുമായ സ്‌പെഷ്യല്‍ വോട്ടര്‍മാര്‍ക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിനുള്ള സ്‌പെഷ്യല്‍ ബാലറ്റുകളുെട വിതരണം ജില്ലയില്‍ ആരംഭിച്ചു. ആദ്യദിനത്തില്‍ അരിമ്പൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ ഹോം ഐസൊലേഷിനില്‍ കഴിയുന്നവര്‍ക്കാണ് ബാലറ്റുകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ട് എത്തിച്ചു നല്‍കിയത്. അതാത് വോട്ടര്‍മാര്‍ക്ക് വോട്ട് രേഖപ്പെടുത്തിയശേഷം ബാലറ്റുകള്‍ തിരികെ നല്‍കാവുന്നതാണ്.

ഈ ബാലറ്റുകള്‍ അതാത് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് കൈമാറും. വോട്ട് രേഖപ്പെടുത്താതെ പിന്നീട് തപാലില്‍ അയക്കാന്‍ താല്‍പര്യപ്പെടുന്ന വോട്ടര്‍മാര്‍ക്ക് ഈ വിവരം രേഖാമൂലം ഉദ്യോഗസ്ഥരെ അറിയിക്കാവുന്നതാണ്. ഒരു സ്‌പെഷ്യല്‍ പോളിംഗ് ഓഫീസര്‍, ഒരു പോലീസ് ഉദ്യോഗസ്ഥന്‍, രണ്ട് സ്‌പെഷ്യല്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് ബാലറ്റ് വിതരണ സംഘത്തിലുണ്ടാവുക.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും പി.പി.ഇ കിറ്റുകള്‍ ധരിച്ചുമാണ് ഉദ്യോഗസ്ഥര്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നത്. അരിമ്പൂര്‍ പഞ്ചായത്തില്‍ ആരംഭിച്ച സ്‌പെഷ്യല്‍ ബാലറ്റുകളുടെ വിതരണത്തിന് ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍ സെറീന റഹ്മാന്‍, റിട്ടേണിംഗ് ഓഫീസര്‍ അനിത കുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.