query_builder Wed Dec 2 2020 4:21 PM
visibility 207
ചെറുതോണി:- റിട്ടയേര്‍ഡ് പോലീസ് സബ് ഇന്‍സ്പെക്ടറെ പോലീസുകാരന്‍ ചീത്തവിളിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി പരാതി. ഇതു സംബന്ധിച്ച് റിട്ട. സബ്ഇന്‍സ്പെക്ടര്‍ പി.കെ. രവീന്ദ്രന്‍ ജില്ലാപോലീസ് മേധാവി, എസ്.എച്ച്.ഒ കട്ടപ്പന, ഡി.വൈ.എസ്.പി കട്ടപ്പന, ചെയര്‍മാന്‍ ആന്‍റ് സബ്ജഡ്ജ് ലീഗല്‍ അതോരിറ്റി എന്നിവര്‍ക്ക് പരാതിനല്‍കി. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ഭാര്യപരാതിനല്‍കിയതിനെത്തുടര്‍ന്ന് കട്ടപ്പന പോലീസ് സ്റ്റേഷനിലേയ്ക്ക് രവീന്ദ്രനെ വിളിപ്പിച്ചിരുന്നു. ഇതനുസരിച്ച് സ്റ്റേഷനിലെത്തിയ രവീന്ദ്രനെ സ്റ്റേഷനില്‍കയറ്റാതെ പുറത്തുനിര്‍ത്തി ഭാര്യയുടേയും, മകളുടേയും, വനിതപോലീസിന്‍റേയും സാനിദ്ധ്യത്തി ലാണ് കേട്ടാലറക്കുന്ന ചീത്തവിളിച്ചത്. മകളുടേയും, വനിതപോലീസിന്‍റെയും സാനിദ്ധ്യത്തില്‍ അറപ്പുളവാക്കുന്ന ചീത്തവിളിച്ചതില്‍ മാനസിക ബുദ്ധിമുട്ടുണ്ടായതായി രവീന്ദ്രന്‍ പരാതിയില്‍ പറയുന്നു. 36 വര്‍ഷം പോലീസില്‍ ഇടുക്കിയില്‍ ജോലിചെയ്യുകയും പ്രമോഷനായപ്പോള്‍ എറണാകുളം ടൗണില്‍ ട്രാഫിക് എസ്.ഐയായി ജോലിചെയ്യുകയും 2017-ല്‍ പെന്‍ഷന്‍പറ്റുകയും ചെയ്തയാളാണ് രവീന്ദ്രന്‍. മുട്ടംകോടതിയിലെ ലീഗല്‍സര്‍വീസ് അതോരിറ്റിയില്‍ ലീഗല്‍ വോളണ്ടിയറായി ജോലിചെയ്തിട്ടുണ്ട്. പ്രശസ്ത സേവനങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡലും അന്വേഷണ മികവിനു ക്രൈബ്രാഞ്ചിലും ഗുഡ്സര്‍വ്വീസ് എന്‍ട്രി അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളയാളാണ് രവീന്ദ്രന്‍. സീനിയര്‍ സിറ്റിസണായ രവീന്ദ്രനെ പരസ്യമായി അപമാനിച്ചതിനെതിരെയാണ് പരാതി നല്‍കിയത്.