query_builder Wed Dec 2 2020 5:42 PM
visibility 588
മരണത്തിലേക്ക് മുങ്ങിയ ബസലേലിന്റെ ജീവൻ ബേസിലിന്റെ കൈകളിൽ സുരക്ഷിതം.
ചേലക്കര : മുപ്പത്തേഴ് അടിയോളം ആഴമുള്ള കിണറിൽ മരണത്തിലേക്ക് മുങ്ങി താഴ്ന്ന ബസലേലിനെ ജീവിതത്തിലേക്ക് കരകയറ്റിയത് ബേസിൽ മാത്യുവിന്റെ മനോ ധൈര്യം. ചേലക്കര വട്ടുള്ളി നെല്ലിക്കൽ മത്തായിയുടെ വീട്ടുവളപ്പിലെ കിണറിലാണ് സമീപ വാസിയായ കോയിക്കമാളികയിൽ ബാബുവിന്റെ മകൻ ബസലേൽ കാൽ വഴുതിവീണത്. ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. കരച്ചിൽ ശബ്ദം കേട്ടെത്തിയ മത്തായിയുടെ മകൻ ബേസിൽ മാത്യു കണ്ടത് ബസലേൽ മുങ്ങിതാഴുന്നതാണ്. മനോധൈര്യം വീണ്ടെടുത്ത ബേസിൽ കൂടുതലൊന്നും ആലോചിച്ചില്ല. ഉടൻ കിണറിലേക്ക് എടുത്തു ചാടുകയായിരുന്നു. രണ്ടാൾപൊക്കത്തിൽ വെള്ളമുള്ള കിണറിൽ ബേസിൽ മാത്യു ബസലേലിനെ പിടിച്ചുയർത്തി ബാലൻസു ചെയ്തു നിന്നു. ഇതിനിടെ ഓടിയെത്തിയ ബേസിലിന്റെ അനിയൻ ബെസ്റ്റോ ഒഴിഞ്ഞ കന്നാസുകൾ കിണറിലേക്ക് ഇട്ടു കൊടുത്തതിനാൽ അവശരായ ഇരുവർക്കും ആശ്വാസമായി. തുടർന്ന് മത്തായിയുടെ ഭാര്യ ജിൻസിയും ഓടിക്കൂടിയ നാട്ടുകാരും ചേർന്ന് കിണറിലേക്ക് കോണി കെട്ടിയിറക്കി ആദ്യം ബസലേലിനെയും പിന്നീട് ബേസിലിനെയും അര മണിയ്ക്കൂറോളം പണിപ്പെട്ട് കരയ്ക്കെത്തിക്കുകയായിരുന്നു. ചേലക്കര ശ്രീമൂലം തിരുന്നാൾ ഹയർ സെക്കന്ററി സ്കൂളിലെ നീന്തൽ പരിശീലന പദ്ധതിയിലൂടെയാണ് നാലു വർഷങ്ങൾക്ക് മുൻപ് സ്റ്റുഡൻസ് പോലീസ് കേഡറ്റായ
ബേസിൽ മാത്യു നീന്തൽ പഠിച്ചത്. അന്ന് പരിശീലകനായി ബേസിലിന്റെ പിതാവ് മത്തായിയും ഉണ്ടായിരുന്നു. ബസലേൽ പങ്ങാരപ്പിള്ളി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. അടി പാറയുള്ള കിണറിൽ വീണെങ്കിലും മറ്റു പരുക്കുകളൊന്നും ഇരുവർക്കുമില്ലാത്തത് വൻ ആശ്വാസമായി. ഒൻപത് വയസുകാരന്റെ ജീവന് രക്ഷകനായ ബേസിലിനെ ഒട്ടേറെ പേർ അഭിനന്ദിച്ചു.