query_builder Wed Dec 2 2020 11:06 PM
visibility 372
സംസ്ഥാനത്ത് അതിജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം:ബുറെവി ചുഴലിക്കാറ്റും മഴയും കണക്കിലെടുത്ത് സംസ്ഥാനത്ത് അതിജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വ്യാഴാഴ്ചമുതൽ ശനിയാഴ്ചവരെ അത്യാവശ്യകാര്യങ്ങൾക്കല്ലാതെ ജനങ്ങൾ പുറത്തിറങ്ങരുത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ബുധനാഴ്ച മഴയുടെ തീവ്രത അതിശക്തമാകുമെന്ന സൂചനയുണ്ട്. മത്സ്യബന്ധനത്തൊഴിലാളികൾക്ക് ശനിയാഴ്ചവരെയാണ് വിലക്ക്. ഹൈറേഞ്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണം.
ഭയാശങ്ക വേണ്ടാ. ഏതുസാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകളാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സഹായത്തിനായി കൺട്രോൾ റൂമിലെ 1077 എന്ന നമ്പറിൽ ബന്ധപ്പെടാം.
* നെയ്യാർ, കല്ലട, കക്കി ഡാമുകളുടെ സംഭരണശേഷി 80 ശതമാനമായി കുറയ്ക്കും. നെയ്യാർ, അരുവിക്കര, കല്ലട, മലങ്കര, കുണ്ടള, ശിരുവാണി, കാഞ്ഞിരപ്പുഴ, വാളയാർ, പോത്തുണ്ടി, കാരാപ്പുഴ ഡാമുകൾ തുറന്നു. അതിതീവ്ര മഴയുണ്ടായാൽ കൂടുതൽ ഡാമുകൾ തുറക്കും.
* 2849 ക്യാമ്പുകൾ. 13 ക്യാമ്പുകളിലായി 175 കുടുംബങ്ങളിലെ 690 പേരെ മാറ്റിപ്പാർപ്പിച്ചു.
* മരം വീണും മരച്ചില്ലകൾ, പോസ്റ്റുകൾ, വൈദ്യുതലൈനുകൾ തുടങ്ങിയവ പൊട്ടിവീണുമുള്ള അപകടങ്ങൾ പ്രതീക്ഷിക്കണം. മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരെ മാറ്റിപ്പാർപ്പിക്കും. വീടുകളിലും കെട്ടിടങ്ങളിലും ഉപയോഗിച്ചിട്ടുള്ള ഷീറ്റുകൾ ബലപ്പെടുത്തണം. മെഴുകുതിരി, തീപ്പെട്ടി, സാധ്യമെങ്കിൽ റേഡിയോ, ചാർജ് ചെയ്ത മൊബൈലുകൾ, മരുന്ന്, അത്യാവശ്യ ആഹാരസാധനങ്ങൾ എന്നിവ കരുതണം. വിലപ്പെട്ട രേഖകളും മറ്റുള്ളവയും പ്രത്യേകം സൂക്ഷിക്കണം.
ഒറ്റക്കെട്ടായി നേരിടണം
യോജിപ്പും കൂട്ടായ പ്രവർത്തനവും ഈ ഘട്ടത്തിലും ഉണ്ടാകണം, ഒന്നിച്ചുപ്രവർത്തിക്കണം. ആരോഗ്യസംവിധാനങ്ങളും ആരോഗ്യപ്രവർത്തകരും കോവിഡിനെതിരായ പോരാട്ടത്തിന്റെ സമ്മർദത്തിലാണ്. പ്രകൃതിക്ഷോഭം സൃഷ്ടിക്കാവുന്ന അധിക ഉത്തരവാദിത്വം അവരുടെ തൊഴിൽസാഹചര്യത്തെ കൂടുതൽ ദുഷ്കരമാക്കാനിടയുള്ളതിനാൽ ജനങ്ങളുടെ ഭാഗത്ത് വിട്ടുവീഴ്ചയില്ലാത്ത മുൻകരുതലാണ് പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.