query_builder Thu Dec 3 2020 5:45 AM
visibility 221

ആലപ്പുഴ : ബുറെവി ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലും സമീപ ജില്ലകളിലും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് തീരദേശ മേഖലയിൽ കനത്ത ജാഗ്രതയുമായി ജില്ല ഭരണകൂടം. ജില്ലയിൽ മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തി. മത്സ്യബന്ധനത്തിന് പോയവര്‍ ഏറ്റവും അടുത്ത സുരക്ഷിത തീരങ്ങളില്‍ എത്താനും നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കടല്‍ത്തീരത്തെ വള്ളങ്ങളും മത്സ്യ ബന്ധന ഉപകരണങ്ങളും സുരക്ഷിത ദുരത്തേക്ക് മാറ്റാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഫിഷറീസ്, മല്‍സ്യഫെഡ്, കോസ്റ്റല്‍ പോലീസ്, ഫയര്‍ ഫോഴ്സ്, പോര്‍ട്ട്, റവന്യൂ, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകള്‍ക്ക് ദുരന്തനിവാരണ നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല നല്‍കിയിട്ടുണ്ട്. ആലപ്പുഴ ജില്ലയില്‍ നിന്നും മത്സ്യബന്ധനത്തിനായി കടലില്‍ പോയിട്ടുള്ള മത്സ്യതൊഴിലാളികള്‍ മടങ്ങിയെത്തിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പോലീസും ഉറപ്പുവരുത്തണം. മടങ്ങിയെത്താതെ ആരെങ്കിലു ഉണ്ടെങ്കില്‍ അവരുടെ വിവരം അടിയന്തിരമായി ആലപ്പുഴ ജില്ലാ കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് അറിയിക്കേണ്ടതാണ്. (1077, 0477 2238630, 04772236831).