query_builder Sat Dec 5 2020 3:03 PM
visibility 212

ബാലരാമപുരം: കരമന-കളിയിക്കാവിള ദേശീയപാത വികസനത്തിന്റെ ഭാഗമായി മുടവൂർപ്പാറ സ്കൂളിന് മുൻവശം യു ടേണും സിഗ്നൽ സംവിധാനവും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത്. നസ്രത്ത് ഹോം സ്കൂൾ മാനേജ്മെന്റ് ആൻഡ് പി.ടി.എ, പരുത്തിമഠം റസിഡന്റ്സ് അസോസിയേഷൻ, നാട്ടുകാർ എന്നിവരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. മാസങ്ങൾക്ക് മുൻപ് നസ്രത്ത് ഹോം സ്കൂളിന് സമീപം നടന്ന അപകടത്തിൽ വഴിയാത്രക്കാരൻ കാറിടിച്ച് മരിച്ചിരുന്നു.
തുടർന്ന് ഇവിടെ യു ടേൺ അനുവദിക്കണമെന്നും അപകട സൂചനാ ബോർഡ് സ്ഥാപിക്കണമെന്നും കരാർ കമ്പനിയായ യു.എൽ.സി.എസിനോടും ദേശീയപാതാ ഉദ്യോഗസ്ഥരോടും നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ല. ബസ് ബേ സ്ഥാപിക്കാൻ സ്കൂൾ അധികൃതർ ഒന്നര സെന്റ് സ്ഥലം ഹൈവേ അതോറിറ്റിക്ക് വിട്ടുനൽകിയെങ്കിലും ഇതും നടപ്പായില്ല. അധികൃതരുടെ നിസംഗതാ മനോഭാവത്തിനെതിരെ പ്രതിഷേധിക്കുന്നതിന് കഴിഞ്ഞ ദിവസം നാട്ടുകാരുടെ നേതൃത്വത്തിൽ ആലോചനായോഗം ചേർന്നു. വകുപ്പ് മന്ത്രിയുൾപ്പെടെയുള്ളവർക്ക് നിവേദനം നൽകാനും യോഗം തീരുമാനിച്ചു.