query_builder Sun Dec 6 2020 3:06 AM
visibility 212

കണ്ണൂർ: ഇരിട്ടി ബാരാപുഴയുടെ ഭാഗമായ കോളിക്കടവ് തെങ്ങോലയിലെ പുഴയോരത്ത് കഴിഞ്ഞദിവസം കണ്ടെത്തിയ തലയോട്ടിയും അസ്ഥികൂടവും കേരളത്തില്‍ നിര്‍മ്മാണ പ്രവൃത്തിക്കെത്തിയ ഒഡീഷ സ്വദേശിയുടേതാണെന്ന് പോലിസിന് സൂചന ലഭിച്ചു. ഇരിട്ടിക്കടുത്ത് നടക്കുന്ന കെ.എസ്.ഇ.ബിയുടെ നിര്‍മാണ പ്രവൃത്തിക്കായി കര്‍ണ്ണാടക മാക്കൂട്ടം വഴി കേരളത്തിലേക്ക് പുറപ്പെട്ട ഒഡീഷ സംഘത്തിലെ തൊഴിലാളിയുടെതാണ് അസ്ഥികൂടവും തലയോട്ടിയുമെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം. മൂന്നുമാസം മുന്‍പ് കര്‍ണ്ണാടക വഴി കേരളത്തിലേക്ക് ജോലിക്കായി പുറപ്പെട്ട സംഘം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മാക്കൂട്ടം ചുരം പാതയോരത്ത് വണ്ടിനിര്‍ത്തിയിടുകയായിരുന്നു. കൂട്ടുപുഴ പാലം വഴി രാത്രിയാത്ര നിരോധിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. നേരം പുലര്‍ന്നതോടെയാണ് സംഘാംഗങ്ങളില്‍ ഒരാളെ കാണാതായത്. ഈ വിവരം കൂട്ടുപുഴ അതിര്‍ത്തിയിലുണ്ടായിരുന്ന കേരള പോലിസിനോട് സഹയാത്രികരായ തൊഴിലാളികള്‍ പരാതിപ്പെടുകയും ചെയ്തിരുന്നു. കാണാതായ തൊഴിലാളി മാനസിക അസ്വസ്ഥത കാണിച്ചിരുന്നതായും സഹതൊഴിലാളികള്‍ കേരള പോലിസിനെ അറിയിച്ചിരുന്നു. കാണാതായത് കര്‍ണ്ണാടകയിലെ മാക്കൂട്ടത്തു വെച്ചായതിനാല്‍ വീരാജ്‌പേട്ട പോലിസില്‍ പരാതി നല്‍കാന്‍ ഇരിട്ടി പോലിസ് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് ഒപ്പമുള്ളവര്‍ കര്‍ണ്ണാടക പോലിസിന് പരാതി നല്‍കുകയും ചെയ്തു. ഈ തൊഴിലാളിയുടെതാണ് ഇന്നലെ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങളെന്നാണ് പോലിസ് സംശയിക്കുന്നത്. ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരിയുടെ നേതൃത്വത്തിലുള്ള മൃതദേഹ പരിശോധനയില്‍ സമീപത്തുനിന്നും കണ്ടെത്തിയ പാന്റിന്റെ പോക്കറ്റില്‍ നിന്നും ഇയാളുടെ തിരിച്ചറിയല്‍ കാര്‍ഡും മറ്റു രേഖകളും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ കണ്ണൂരില്‍ നിന്നെത്തിയ ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തിയശേഷം മൃതദേഹാവശിഷ്ടം പോസ്റ്റുമോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൂടി ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് പറയാന്‍ സാധിക്കൂ എന്നും കാണാതായ ആളു തന്നെയാണോ മരണപ്പെട്ടതെന്ന് ഉറപ്പാക്കാന്‍ സാധിക്കൂ എന്നും എസ്.ഐ ദിനേശന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പുഴയോരത്ത് കളിക്കുന്നതിനിടയില്‍ തുരുത്തിലെ പൊന്തക്കാടുകള്‍ക്കിടയില്‍ അകപ്പെട്ട പന്ത് എടുക്കാന്‍ പോയ കുട്ടികളാണ് തലയോട്ടിയും അസ്ഥികൂടവും കണ്ടത്. ഇതിന് സമീപത്തായി വസ്ത്രവും കണ്ടെത്തിയിരുന്നു. കൂടുതല്‍ പരിശോധനയ്ക്കായി ഇവ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റും....