query_builder Sun Dec 6 2020 7:04 AM
visibility 155

നെയ്യാറ്റിൻകര: കൊവിഡ് വ്യാപനത്തെ തുടർന്ന് സർവീസുകൾ വെട്ടിക്കുറച്ചതും യാത്രക്കാരില്ലാതായതും തിരിച്ചടിയായ കെ.എസ്.ആർ.ടി.സി ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചുവരവിന്റെ പാതയിൽ. യാത്രക്കാരുടെ എണ്ണത്തിലും കളക്ഷനിലും ഉണ്ടായ വർദ്ധനയാണ് ആനവണ്ടിക്ക് ആശ്വാസമാകുന്നത്.
ദിനംപ്രതി ശരാശരി നാൽപത് മുതൽ നാൽപത്തിയഞ്ച് വരെ സർവീസുകളാണ് നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് ഓപ്പറേറ്റ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഡിപ്പോയുടെ പ്രതിദിന കളക്ഷനിലും ഗണ്യമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഒന്നര ലക്ഷത്തിൽ നിന്നും മൂന്നരലക്ഷം മുതൽ നാല് ലക്ഷം വരെയാണ് പ്രതിദിന കളക്ഷൻ വർദ്ധിച്ചത്. ഇതോടെ നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് കൂടുതൽ സർവീസുകൾ ആരംഭിക്കാനാണ് അധികൃതരുടെ തീരുമാനം.
പട്ടം പി.എസ്.സി ഓഫീസ്, വൈദ്യുതി ഭവൻ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ ജീവനക്കാർക്കായി ഡിപ്പോയിൽ നിന്നുള്ള രണ്ടാമത്തെ ബോണ്ട് സർവീസ് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഓപ്പറേറ്റ് ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് ഡിപ്പോയിൽ നിന്ന് പത്ത് മിനിട്ട് ഇടവേളകളിൽ ചെയിൻ സർവീസും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. മഞ്ചവിളാകം-കാരക്കോണം, ധനുവച്ചപുരം- വെള്ളറട, മാരായമുട്ടം- ചെമ്പൂര് സെക്ടറുകളിലും ചെയിൻ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. ബാലരാമപുരം, ഉദിയൻകുളങ്ങര, പ്രാവച്ചമ്പലം എന്നീ സ്ഥലങ്ങളിൽ പോയിന്റ് ഡ്യൂട്ടിക്കായി ജീവനക്കാരെ സ്ഥിരമായി നിയോഗിച്ചതും ദേശീയപാതയിലൂടെയുള്ള ബസുകളുടെ കൃത്യത ഉറപ്പാക്കാൻ സഹായകമായി.
വൈവിദ്ധ്യവത്കരണത്തിന്റെ ഭാഗമായി ഡിപ്പോയിൽ നിന്ന് ലോജിസ്റ്റിക് ബസുകൾ ഉപയോഗിച്ച് ചരക്ക് കൈമാറ്റ സേവനവും നടത്തുന്നുണ്ട്. നെയ്യാറ്റിൻകര താലൂക്കിലെ എല്ലാ സ്ഥലങ്ങളെയും മാപ്പിംഗ് നടത്തി ജി.പി.ആർ.എസ് ട്രാക്കിംഗ് നടത്തുന്നതിനുള്ള നടപടിയും അന്തിമഘട്ടത്തിലാണ്. യാത്രക്കാർക്കായി തദ്ദേശ ഭരണവകുപ്പിന്റെ ഫണ്ടിംഗിലൂടെ കൂടുതൽ ടോയ്‌ലെറ്റുകളും സജ്ജമാക്കുന്നുണ്ട്. എന്നാൽ ബസുകൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലപരിമിതിയാണ് ഡിപ്പോ നേരിടുന്ന പ്രധാന പ്രശ്നം. ജീവനക്കാരുടെ സഹകരണത്തോടെ ഡിപ്പോയിൽ ഉദ്യാനവത്കരണം നടക്കുന്നുണ്ട്.
ഡിപ്പോയുടെ വികസനത്തിനായി ഇനിയും ഏറെ ചെയ്യാനുണ്ടെന്നാണ് യാത്രക്കാർ പറയുന്നത്. എ.സി ലോ ഫ്ളോർ ഉൾപ്പെടെയുള്ള സർവീസുകൾ തുടങ്ങണമെന്നും കൂടുതൽ സർവീസുകൾ ഇടറൂട്ടുകളിലേക്ക് പുനരാരംഭിക്കണമെന്നുമാണ് യാത്രക്കാരുടെ ആവശ്യം. ഓപ്പറേറ്റിംഗ് വിഭാഗത്തിൽ ഡ്രൈവർ ജീവനക്കാരുടെ കുറവും ഡിപ്പോ നേരിടുന്ന വെല്ലുവിളിയാണ്. ജീവനക്കാരുടെ വിശ്രമ സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കണമെന്നും ആവശ്യമുണ്ട്.