query_builder Sun Dec 6 2020 8:39 AM
visibility 195
പന്ത്രണ്ട് ചക്രങ്ങളുള്ള ലോറിക്കടിയിൽപ്പെട്ട് വലത് കാലിന് ഗുരുതരമായി പരിക്കേറ്റയാളുടെ കാൽമുറിച്ചു
നേമം : പന്ത്രണ്ട് ചക്രങ്ങളുള്ള ലോറിക്കടിയിൽപ്പെട്ട് വലത് കാലിന് ഗുരുതരമായി പരിക്കേറ്റയാളുടെ കാൽമുറിച്ചു.പ്രാവച്ചമ്പലത്ത് ചായത്തട്ട് നടത്തുന്ന നമ്പാന്തിവിള നീതുഭവനിൽ രാജു (57)വിന്റെ കാലാണ് മുറിച്ചത്. പ്രാവച്ചമ്പലം കോൺവെന്റ് റോഡിൽ ശനിയാഴ്ച പുലർച്ചെയാണ് അപകടം. കട തുറക്കുന്നതിനായി വീട്ടിൽ നിന്നും നടന്നുവരികയായിരുന്നു.
കോൺവെന്റ് റോഡിലെ ഒരു തടിക്കടയിലേക്ക് തമിഴ്‌നാട്ടിൽ നിന്നും മരം കയറ്റിവന്ന ലോറി പ്രാവച്ചമ്പലം ജങ്ഷനിൽ നിന്നും തിരിഞ്ഞ് കോൺവെന്റ് റോഡിലേക്ക് കയറുന്നത് കണ്ട് ഒതുങ്ങി നിൽക്കാൻ ഇടമില്ലാത്തതിനാൽ റോഡരികിലെ മൺത്തിട്ടയിൽ കയറി നിന്നു.
ലോറി അടുത്തെത്തിയപ്പോൾ ഭാരക്കൂടുതൽ കാരണം മണ്ണിടിഞ്ഞ് കാൽ ലോറിയുടെ ചക്രത്തിനടിയിൽപ്പെടുകയായിരുന്നു.നാട്ടുകാർ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി അരയ്ക്ക് താഴെ വച്ച് വലത് കാൽ മുറിച്ചുമാറ്റേണ്ടി വന്നു.
റോഡ് വികസനത്തിന്റെ ഭാഗമായി ഇടറോഡിൽ നടത്തുന്ന നിർമാണ പ്രവർത്തനങ്ങൾ ഗതാഗത തടസ്സമുണ്ടാക്കുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. ലോറി കസ്റ്റഡിയിലെടുത്ത് നേമം പോലീസ് കേസെടുത്തു