query_builder Sun Dec 6 2020 3:25 PM
visibility 158
നിലമ്പൂർ: വഴിക്കടവ് പൂവത്തിപ്പൊയില്‍ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപകമായി റബര്‍ മരങ്ങള്‍ നശിപ്പിച്ചു. പൂവത്തിപ്പൊയില്‍ ഡീസെന്റ്കുന്നിലെ പുല്ലാംതൊടി അബ്ദുല്‍ ജലീല്‍, എരഞ്ഞിയില്‍ അബ്ദുല്ലക്കുട്ടി എന്നിവരുടെ തോട്ടത്തിലെ റബര്‍ മരങ്ങളാണ് വ്യാപകമായി നശിപ്പിച്ചത്. നിരന്തരമുള്ള കാട്ടാനശല്യം മൂലം തോട്ടത്തിലെ ഏറിയ ഭാഗവും ഇതിനോടകം നശിപ്പിച്ചിട്ടുണ്ട്. നേരത്തെ വാഴക്കൃഷി ചെയ്തിരുന്ന കര്‍ഷകര്‍ കാട്ടാനശല്യം കാരണമാണ് ദീര്‍ഘകാല വിള കൃഷിയിലേക്ക് തിരിഞ്ഞത്. നാല് വര്‍ഷംമുമ്പുവരെ റബര്‍ കൃഷിയിലേക്ക് ആനകള്‍ ഇറങ്ങാറില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ റബര്‍ മരങ്ങളുടെ തൊലി ഭക്ഷിക്കുന്നിടം വരെയെത്തി കാര്യങ്ങള്‍. കാട്ടാനശല്യം ചെറുക്കാന്‍ വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ഫെന്‍സിങ് തകരാറിലായതും ട്രഞ്ചുകള്‍ വശങ്ങള്‍ ഇടിഞ്ഞതുമാണ് കാട്ടാനകള്‍ കൂട്ടത്തോടെ കൃഷിയിടത്തിലേക്ക് പ്രവേശിക്കാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. കാട്ടാന ശല്യം ഫലപ്രദമായി ഛെറുക്കണമെങ്കില്‍ ആനമറി മുതല്‍ തെക്കേ പാലാട് വരെയുള്ള നെല്ലിക്കുത്ത് വനാതിര്‍ത്തിയില്‍ ആസം മാതൃകയില്‍ ഫെന്‍സിങ്ങോ കരിങ്കല്‍ മതിലോ നിര്‍മിക്കണമെന്നാണ് കര്‍ഷകര്‍ പറയുന്നത്.